ഹമാസ് ഭീകരർ ബന്ദികളെ ലൈംഗികമായി പീഡിപ്പിച്ചു: യുഎൻ
Wednesday, March 6, 2024 1:51 AM IST
ന്യൂയോർക്ക്: ഹമാസ് ഭീകരർ ഇസ്രേലി ബന്ദികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നു ബോധ്യപ്പെട്ടതായി യുഎൻ പ്രതിനിധി സംഘം. ബലാത്സംഗം, ലൈംഗികപീഡനം, ക്രൂരത, മനുഷ്യത്വവിരുദ്ധമായ നിന്ദനം തുടങ്ങിയ അതിക്രമങ്ങൾക്ക് ബന്ദികൾ ഇരയായി. കസ്റ്റഡിയിലുള്ള ബന്ദികൾ ഇപ്പോഴും ഇത്തരം പീഡനങ്ങൾ നേരിടുന്നതായി സംശയിക്കുന്നു.
സംഘർഷമേഖലകളിലെ ലൈംഗിക പീഡനങ്ങൾ സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി പ്രമീള പാറ്റൺ നേതൃത്വം നല്കിയ പത്തംഗ വിദഗ്ധ ദൗത്യസംഘമാണ് റിപ്പോർട്ട് തയാറാക്കിയത്.
തെക്കൻ ഇസ്രയേലിൽ ഭീകരാക്രണം നടന്ന ഒക്ടോബർ ഏഴിനും ലൈംഗിക പീഡനങ്ങളുണ്ടായി. നൊവാ സംഗീതോത്സവം, റോഡ് 232, കിബ്ബുട്സ് റെയിം എന്നീ സ്ഥലങ്ങളിൽ കൂട്ടബലാത്സംഗമുണ്ടായെന്നു ബോധ്യപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അന്വേഷണത്തിനു പകരം വിവരങ്ങൾ സമാഹരിച്ച് ശരിയാണോ എന്നു പരിശോധിക്കുകയാണ് യുഎൻ സംഘം ചെയ്തത്. ജനുവരി 29 മുതൽ ഫെബ്രുവരി 14 വരെ ഇസ്രയേൽ സന്ദർശിച്ച സംഘം ഇസ്രേലി പ്രതിനിധികളുമായി 33 കൂടിക്കാഴ്ചകൾ നടത്തി. 5,000 ഫോട്ടോകളും 50 മണിക്കൂർ വീഡിയോകളും പരിശോധിച്ചു.
അതേസമയം ഇരകളാരും കൂടിക്കാഴ്ചയ്ക്കു തയാറായില്ല. ഗർഭിണിയുടെ വയറ് പിളർന്ന് കുഞ്ഞിനെ വധിച്ചുവെന്ന തരത്തിലുള്ള ആരോപണങ്ങൾ ശരിയെന്നു കണ്ടെത്താനായില്ല.
ഇസ്രേലി കസ്റ്റഡിയിലുള്ള പലസ്തീനികളും ലൈംഗികാതിക്രമങ്ങൾക്ക് ഇരയായെന്ന ആരോപണമുണ്ട്. സ്വകാര്യ ഭാഗങ്ങളിലെ സ്പർശനവും തടവറകളിൽ ദീർഘനേരം നഗ്നരാക്കി നിർത്തലും ഇതിൽ ഉൾപ്പെടുന്നതായി റിപ്പോർട്ടിൽ പറയുന്നു.
ഒക്ടോബർ ഏഴിന് ഇസ്രയേലിൽ 1200 പേരെ വധിച്ച ഹമാസ് ഭീകരർ 253 പേരെയാണ് ഗാസയിലേക്കു തട്ടിക്കൊണ്ടുപോയത്. നൂറോളം ബന്ദികൾ നവംബറിലെ വെടിനിർത്തലിൽ മോചിതരായി.
ഹമാസിന്റെ ലൈംഗികാതിക്രമങ്ങൾ സ്ഥിരീകരിച്ചതിനെ സ്വാഗതം ചെയ്ത ഇസ്രേലി വിദേശകാര്യമന്ത്രാലയം, യുഎൻ രക്ഷാസമിതി ഹമാസിനെ ഭീകരസംഘടനയായി മുദ്രകുത്തണമെന്നാവശ്യപ്പെട്ടു.