ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും രണ്ടു മക്കളും വിമാനാപകടത്തിൽ മരിച്ചു
Sunday, January 7, 2024 2:13 AM IST
ലോസ് ആഞ്ചലസ്: പ്രശസ്ത ഹോളിവുഡ് ചലച്ചിത്രതാരം ക്രിസ്റ്റ്യൻ ഒലിവറും (51) രണ്ടു പെൺമക്കളും വിമാനാപകടത്തിൽ മരിച്ചു. ജർമൻകാരനായ ക്രിസ്റ്റ്യൻ ഒലിവറെക്കൂടാതെ മക്കളായ അന്നിക് (12), മഡിറ്റ (10) എന്നിവരും പൈലറ്റ് യുഎസ് പൗരൻ റോബർട്ട് സാച്ചസുമാണ് മരിച്ചത്.
സെന്റ് വിൻസെന്റ് ദ്വീപിലെ ബെക്വിയ വിമാനത്താവളത്തിൽനിന്നും പറന്നുയർന്നയുടൻ ഇവർ സഞ്ചരിച്ച ഒറ്റ എൻജിൻ വിമാനം കരീബിയൻ കടലിൽ പതിക്കുകയായിരുന്നു. സെന്റ് ലൂസിയയിലേക്ക് പോകുകയായിരുന്നു സംഘം.
നാലുപേരുടെയും മൃതദേഹം കണ്ടെത്തിയതായി പോലീസ് അറിയിച്ചു. അവധി ആഘോഷിക്കാനായി ബെക്വിയയിലെത്തിയതായിരുന്നു താരവും മക്കളും. 2006ൽ ജോർജ് ക്ലൂണിക്കൊപ്പം “ദ ഗുഡ് ജർമൻ’’ എന്ന ചലച്ചിത്രത്തിലൂടെയാണു ക്രിസ്റ്റ്യൻ ഒലിവറിന്റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. 2008ലെ ആക്ഷൻ കോമഡി ചിത്രം “സ്പീഡ് റേസറി’’ലൂടെ ജനപ്രിയ നടനായി.