ഫ്രാൻസിൽ കുടിയേറ്റ നിയന്ത്രണ നിയമം പാസായി
Thursday, December 21, 2023 1:08 AM IST
പാരീസ്: കുടിയേറ്റവ്യവസ്ഥകൾ കർശനമാക്കുന്ന നിയമം ഫ്രഞ്ച് പാർലമെന്റ് പാസാക്കി. കുടിയേറ്റക്കാർക്കു കുടുംബാംഗങ്ങളെ ഫ്രാൻസിലേക്കു കൊണ്ടുവരുന്നത് എളുപ്പമല്ലാതാകും. കുടിയേറ്റക്കാർക്കു ക്ഷേമാനുകൂല്യങ്ങൾ വൈകുകയും ചെയ്യും.
ഒരാഴ്ച മുന്പ് നിയമം പാർലമെന്റിൽ പരാജയപ്പെട്ടിരുന്നു. വ്യവസ്ഥകൾ കൂടുതൽ കർശനമാക്കി പുതുക്കിയെഴുതിയ ബില്ലിനെ തീവ്ര വലതുപക്ഷ നാഷണൽ റാലി പാർട്ടി പിന്തുണച്ചതാണ് ഇപ്പോൾ പാസാകാൻ കാരണം.
അതേസമയം, പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ റിനേസെൻസ് പാർട്ടിയിൽ വലിയ ഭിന്നിപ്പ് ഉണ്ടായിട്ടുണ്ട്. വോട്ടെടുപ്പിൽ പാർട്ടിയുടെ 27 എംപിമാർ എതിർക്കുകയും 32 എംപിമാർ വിട്ടുനിൽക്കുകയും ചെയ്തു. ആരോഗ്യമന്ത്രി ഓർലീൻ റൂസോ രാജിപ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മറ്റു ചില മന്ത്രിമാരും രാജിയുടെ വക്കിലാണെന്നാണു റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ജൂണിലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മക്രോണിന്റെ പാർട്ടിക്കു പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടമായിരുന്നു.
യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ കുടിയേറ്റ പരിഷ്കരണത്തിനു ധാരണയിലെത്തിയതിനു പിന്നാലെയാണ് ഫ്രാൻസിൽ നിയമം പാസാക്കപ്പെട്ടത്. അതിർത്തികളിൽ തടവറകൾ തുറക്കൽ, അഭയം നിഷേധിക്കപ്പെട്ടവരെ അതിവേഗം തിരിച്ചയയ്ക്കൽ, തെക്കൻ രാജ്യങ്ങളിലെത്തുന്ന അഭയാർഥികളെ മറ്റു രാജ്യങ്ങളിലേക്കു മാറ്റൽ തുടങ്ങിയവ നടപ്പാക്കാനാണു യൂണിയന്റെ തീരുമാനം.