ഹെൻറി കിസിൻജർ അന്തരിച്ചു
Friday, December 1, 2023 2:03 AM IST
വാഷിംഗ്ടൺ ഡിസി: ശീതയുദ്ധത്തിൽ അമേരിക്കയുടെ വിദേശനയം രൂപപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ച ഇതിഹാസ നയതന്ത്രജ്ഞൻ ഹെന്റി കിസിൻജർ നൂറാം വയസിൽ അന്തരിച്ചു.
റിച്ചാർഡ് നിക്സൺ, ജെറാൾഡ് ആർ. ഫോർഡ് എന്നീ പ്രസിഡന്റുമാരുടെ കീഴിൽ 1969 മുതൽ 1977 വരെ ദേശീയസുരക്ഷാ ഉപദേഷ്ടാവായും സ്റ്റേറ്റ് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ച കിസിൻജറാണ്, സോവിയറ്റ് യൂണിയനുമായുള്ള സംഘർഷം ലഘൂകരിക്കുന്നതിനും ചൈനയുമായി ബന്ധം മെച്ചപ്പെടുത്തുന്നതിനും നേതൃത്വം നല്കിയത്. വിയറ്റ്നാം യുദ്ധം അവസാനിപ്പിക്കുന്നതിനു നല്കിയ സംഭാവനകളുടെ പേരിൽ 1973ൽ സമാധാന നൊബേൽ പുരസ്കാരം ലഭിച്ചിരുന്നു.
1973ൽ ഇസ്രയേലും അറബ് രാജ്യങ്ങളും ഏറ്റുമുട്ടിയ യോം കിപ്പുർ യുദ്ധം അവസാനിപ്പിക്കുന്നതിലും കിസിന്ജർ പ്രധാന പങ്കുവഹിച്ചു. അതേസമയം, കിസിൻജറിന്റെ പല സമീപനങ്ങളും നയങ്ങളും സൃഷ്ടിച്ച വിവാദങ്ങൾ മരണംവരെ അദ്ദേഹത്തെ പിന്തുടർന്നു.
വിയറ്റ്നാം യുദ്ധം അവസാനിപ്പിക്കാനായി ഉത്തര വിയറ്റ്നാമുമായി ചർച്ച നടത്തുന്ന സമയത്തുതന്നെ കിസിൻജറുടെ ഉപദേശപ്രകാരം അമേരിക്കൻ സേന അയൽരാജ്യമായ കംബോഡിയയിൽ നടത്തിയ ബോംബിംഗിൽ 50,000 പേർ കൊല്ലപ്പെടുകയുണ്ടായി. ചിലിയിൽ തെരഞ്ഞെടുക്കപ്പെട്ട ഇടതുസർക്കാരിനെ അട്ടിമറിച്ച സിഐഎ പദ്ധതിക്കു മേൽനോട്ടം വഹിച്ചതും അർജന്റീനയിലെ പട്ടാള ഭരണകൂടം രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്തപ്പോൾ പിന്തുണ നല്കിയതും കിസൻജറെ വിവാദ നായകനാക്കി.
ഉത്തര വിയറ്റ്നാം നേതാവ് ലെ ഡുക് തോയ്ക്കൊപ്പമാണ് കിസിൻജറിനു സമാധാന നൊബേൽ ലഭിച്ചത്. ലെ ഡുക് തോ പുരസ്കാരം നിരസിച്ചു.
1972ൽ റിച്ചാർഡ് നിക്സന്റെ ചൈനാ സന്ദർശനം യാഥാർഥ്യമാക്കിയത് കിസിൻജറാണ്. ചൈന 23 വർഷം അന്താരാഷ്ട്രതലത്തിൽ നേരിട്ട ഒറ്റപ്പെടൽ അവസാനിച്ചത് ഇതോടെയാണ്. മാവോ മുതൽ ഷി ചിൻപിംഗ് വരെയുള്ള എല്ലാ ചൈനീസ് പ്രസിഡന്റുമാരുമായും കിസിൻജർ നേരിട്ട് ഇടപഴകിയിരുന്നു. ഇക്കഴിഞ്ഞ ജൂലൈയിലും ചൈനയിലെത്തി ഷിയുമായി കൂടിക്കാഴ്ച നടത്തി. ചൈനയുടെ പഴയ സുഹൃത്താണു വിടവാങ്ങിയതെന്ന് ചൈനീസ് മാധ്യമങ്ങൾ അനുസ്മരിച്ചു.
എഴുപതുകളുടെ തുടക്കത്തിൽ ഇന്ത്യയിലെ ഇന്ദിരാഗാന്ധി സർക്കാരിനോടു കിസിൻജറിനു മമതയില്ലായിരുന്നു. 2014ൽ മോദി അധികാരത്തിലേറിയപ്പോൾ ഇന്ത്യയുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനായി ശക്തമായി വാദിച്ചുതുടങ്ങി.
1977ൽ സർക്കാർ സർവീസിൽനിന്നു വിമരിച്ചുവെങ്കിലും ജോൺ എഎഫ്. കെന്നഡി മുതൽ ജോ ബൈഡൻ വരെയുള്ള എല്ലാ പ്രസിഡന്റുമാരും കിസിൻജറിൽനിന്ന് ഉപദേശം തേടിയിരുന്നു.
1923ൽ ജർമനിയിലെ ബവേറിയയിൽ യഹൂദ കുടുംബത്തിലാണ് കിസിൻജറിന്റെ ജനനം. നാസിപീഡനം മൂലം കുടുംബം 1938ൽ യുഎസിലേക്കു കുടിയേറുകയായിരുന്നു. ഹാർവാഡ് സർവകലാശാലയിൽനിന്ന് ഇന്റർനാഷണൽ റിലേഷനിൽ ഉന്നത വിദ്യാഭ്യാസം നേടി.