സൈന്യത്തെ പിൻവലിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് മാലദ്വീപ്
Sunday, November 19, 2023 12:21 AM IST
മാലി: രാജ്യത്തുള്ള ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്ന് മാലദ്വീപ് ഔദ്യോഗികമായി ആവശ്യപ്പെട്ടു. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇതുസംബന്ധിച്ച അഭ്യർഥന അദ്ദേഹം ഇന്നലെ പരസ്യമായി പുറത്തുവിട്ടു. മാലദ്വീപിലെ ജനങ്ങളുടെ ജനാധിപത്യ ആഗ്രഹത്തെ ഇന്ത്യ മാനിക്കുമെന്നാണു പ്രതീക്ഷയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തലസ്ഥാനമായ മാലിയിൽ മുഹമ്മദ് മുയിസുവിന്റെ സത്യപ്രതിജ്ഞാചടങ്ങിനെത്തിയ കേന്ദ്രമന്ത്രി കിരൺ റിജിജിവുമായുള്ള കൂടിക്കാഴ്ചയിലാണ് ഈ ആവശ്യം പ്രസിഡന്റ് ഉന്നയിച്ചത്. ഇന്ത്യയ്ക്ക് മാലദ്വീപിൽ 70 സൈനികരുണ്ട്.
റഡാറുകളും നിരീക്ഷണ വിമാനങ്ങളും കൈകാര്യം ചെയ്യുക, രാജ്യത്തിന്റെ പ്രത്യേക സാന്പത്തികമേഖലയിൽ പട്രോളിംഗ് നടത്തുക, ഇന്ത്യൻ യുദ്ധക്കപ്പലുകളെ സഹായിക്കുക എന്നിവയാണ് ഈ സൈനികരുടെ ഉത്തരവാദിത്തങ്ങൾ. മാലിയിലുള്ള രാജ്യത്തെ ഏക സ്പെഷാലിറ്റി ആശുപത്രിയായ ഇന്ദിരാഗാന്ധി മെമ്മോറിയൽ ആശുപത്രി ഇന്ത്യ സൗജന്യമായി നിർമിച്ചുനൽകിയതാണ്.
ഇതുകൂടാതെ മാലിയിൽ 100 ബെഡുള്ള കാൻസർ ആശുപത്രിയും 22000 പേർക്ക് ഇരിക്കാവുന്ന ക്രിക്കറ്റ് സ്റ്റേഡിയവും മാലദ്വീപിൽ സൗജന്യമായി നിർമിച്ചുനൽകാൻ മോദിസർക്കാർ 2020ൽ തീരുമാനിച്ചിരുന്നു. 1988ൽ രാജ്യത്ത് വിമതനീക്കമുണ്ടായപ്പോൾ മാലദ്വീപിന്റെ അഭ്യർഥനപ്രകാരം ഇന്ത്യൻ സൈന്യമെത്തിയാണു നീക്കം പരാജയപ്പെടുത്തിയത്. ഇതെല്ലാം മറന്നാണ് പുതിയ പ്രസിഡന്റ് ഇന്ത്യൻ സൈനികരെ പിൻവലിക്കാൻ ആവശ്യപ്പെടുന്നത്.
ചൈന അനുകൂലിയായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. അതിനാൽത്തന്നെ ചൈനയെ പ്രീതിപ്പെടുത്താനാണു മുയിസുവിന്റെ നീക്കമെന്നാണു വിലയിരുത്തൽ.
ദ്വീപുരാജ്യത്തിന്റെ എട്ടാമത് പ്രസിഡന്റായി 45 കാരനായ മുയിസു വെള്ളിയാഴ്ചയാണു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.