ഔദ്യോഗിക വസതിയിൽ നോട്ടുകെട്ടുകൾ; ജസ്റ്റീസ് വർമയ്ക്കെതിരേ നടപടി ആവശ്യപ്പെട്ട് ബാർ അസോസിയേഷനുകൾ
Friday, March 28, 2025 12:36 AM IST
ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റീസ് യശ്വന്ത് വർമയ്ക്കെതിരേ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്ന് വിവിധ സംസ്ഥാനങ്ങളിലെ ബാർ അസോസിയേഷനുകൾ.
ജഡ്ജിയെ അലഹബാദ് ഹൈക്കോടതിയിലേക്കു മാറ്റാനുള്ള സുപ്രീംകോടതി കൊളീജിയത്തിന്റെ ശിപാർശ പിൻവലിക്കണമെന്നും ബാർ അസോസിയേഷൻ പ്രതിനിധികൾ ഇന്നലെ സുപ്രീംകോടതിയിൽ നടന്ന കൂടിക്കാഴ്ചയിൽ ചീഫ് ജസ്റ്റീസിനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച മെമ്മോറാണ്ടവും കൈമാറി.
അലഹബാദ്, ഗുജറാത്ത്, കേരളം, ജബൽപുർ, കർണാടക, ലക്നോ ഹൈക്കോടതികളിലെ ബാർ അസോസിയേഷനുകളുടെ പ്രതിനിധികളാണ് സുപ്രീംകോടതി ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തിയത്. മൊമ്മോറാണ്ടം ചർച്ച ചെയ്യുമെന്നും ആവശ്യം പരിഗണിക്കുമെന്നും ചീഫ് ജസ്റ്റീസ് ഉറപ്പ് നൽകിയതായും അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് അനിൽ തിവാരി വ്യക്തമാക്കി.
നിലവിൽ ജസ്റ്റീസ് വർമയുടെ സ്ഥലംമാറ്റത്തിൽ അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ അനിശ്ചിതകാല സമരം നടത്തിവരികയാണ്. ഇതിൽ പുനഃപരിശോധന നടത്തുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം അനിൽ തിവാരി പറഞ്ഞു.
ഇത്തരം കുറ്റകൃത്യങ്ങളിൽ മറ്റുള്ളവരുടെ പങ്കാളിത്തം ഉണ്ടാകും. അതിനാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണം. ഇതോടൊപ്പം ജസ്റ്റീസിനെ എല്ലാ ഔദ്യോഗിക ഉത്തവാദിത്വത്തിൽനിന്നും മാറ്റി നിർത്തണമെന്നുമാണ് മെമ്മോറാണ്ടത്തിലെ ആവശ്യം. ജസ്റ്റീസ് വർമയ്ക്കെതിരേ ഹൈക്കോടതി ചീഫ് ജസ്റ്റീസ് സമർപ്പിച്ച റിപ്പോർട്ട് സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയതിനെ ബാർ അസോസിയേഷനുകൾ അഭിനന്ദിച്ചു.
അതേസമയം, കോണ്ഗ്രസ് എംപി മനീഷ് തിവാരിയും തൃണമൂൽ കോണ്ഗ്രസ് എംപി കല്യാണ് ബാനർജിയും ജഡ്ജിക്കെതിരായ വിഷയം ഇന്നലെ പാർലമെന്റിൽ ഉന്നയിച്ചു. വിഷയത്തിൽ കേന്ദ്ര നിയമമന്ത്രി സഭയിലെത്തി മറുപടി നൽകണമെന്ന് മനീഷ് തിവാരി ആവശ്യപ്പെട്ടു.
ജസ്റ്റീസിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജിയും നിലനിൽക്കുന്നുണ്ട്.