മൗലികാവകാശ സംരക്ഷണം കോടതികളുടെ കടമ: സുപ്രീംകോടതി
Saturday, March 29, 2025 12:09 AM IST
സനു സിറിയക്
ന്യൂഡൽഹി: ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെ അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് കോടതികളുടെ ഉത്തരവാദിത്തമാണെന്ന് സുപ്രീംകോടതി. സമൂഹമാധ്യമത്തിൽ പങ്കുവച്ച കവിതയുടെ പേരിൽ കോണ്‍ഗ്രസിന്റെ രാജ്യസഭാ അംഗം ഇമ്രാൻ പ്രതാപ്ഗഡിക്കെതിരേ ഗുജറാത്ത് പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ സുപ്രീംകോടതി റദ്ദാക്കി.
അഭിപ്രായങ്ങൾ ഭൂരിപക്ഷത്തിന് അനുകൂലമല്ലെങ്കിൽപോലും അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്ന് ജസ്റ്റീസുമാരായ അഭയ് എസ്. ഓക, ഉജ്വൽ ഭൂയാൻ എന്നിവരുടെ ബെഞ്ച് ഊന്നിപ്പറഞ്ഞു. കവിത, നാടകം, സിനിമകൾ, ആക്ഷേപഹാസ്യം തുടങ്ങി വിവിധ കലാരൂപങ്ങളിൽ ഈ തത്വം ബാധകമാണെന്നും കോടതി നിരീക്ഷിച്ചു.
‘ഏ ഖൂൻ കെ പ്യാസെ ബാത് സുനോ’ (ഓ രക്തദാഹികളേ കേൾക്കൂ) എന്ന് തുടങ്ങുന്ന കവിത വിദ്വേഷത്തിന്റെയും ഹിംസയുടെയും സന്ദേശം പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഭാരതീയ ന്യായ് സംഹിതയുടെ 196, 197, 299, 302, 57 എന്നീ വകുപ്പുകൾ പ്രകാരമാണ് ഗുജറാത്ത് പോലീസ് പ്രതാപ്ഗഡിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇതിനെതിരെ അദ്ദേഹം ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും എഫ്ഐആർ റദ്ദാക്കിയില്ല. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.