യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിൽ; ഭർത്താവ് അറസ്റ്റിൽ
Saturday, March 29, 2025 12:09 AM IST
ബംഗളൂരു: ബംഗളൂരുവില്‍ യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കിയ നിലയില്‍ കണ്ടെത്തി. ഹൂളിമാവില്‍ താമസിച്ചിരുന്ന ഗൗരി അനില്‍ സംഭേക്കറാണ് (32) കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ഗൗരിയുടെ ഭര്‍ത്താവ് രാകേഷിനെ പോലീസ് പൂനയില്‍നിന്ന് അറസ്റ്റ് ചെയ്തു. വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച നിലയിലാണ് രാകേഷിനെ കണ്ടെത്തിയത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
രാകേഷും ഗൗരിയും മഹാരാഷ്ട്ര സ്വദേശികളാണ്. രണ്ടു വര്‍ഷം മുമ്പാണ് ഇവർ വിവാഹിതരായത്. ഐടി കമ്പനി ജീവനക്കാരനായ രാകേഷ് വീട്ടിലിരുന്നാണു ജോലി ചെയ്തിരുന്നത്. കുടുംബപ്രശ്നങ്ങളാണു കൊലപാതകത്തിനു കാരണമെന്നാണു പോലീസ് പറയുന്നത്. ഗൗരിയുടെ മാതാപിതാക്കളെ വിളിച്ച് രാകേഷ് തന്നെയാണ് മരണവിവരം പറഞ്ഞതെന്നാണു റിപ്പോര്‍ട്ട്.
വ്യാഴാഴ്ച വൈകുന്നേരം 5.30 ഓടെയാണ് കൊലപാതകം നടന്നതായി സംശയിക്കുന്നെന്നു പറഞ്ഞ് പോലീസ് കണ്ട്രോള് റൂമില്‍ ഫോണ്‍ വന്നത്. പോലീസ് എത്തിയപ്പോള്‍ വീടിന്റെ വാതില്‍ പൂട്ടിയ നിലയിലായിരുന്നു.
വാതില്‍ തുറന്ന് അകത്തുകടന്നപ്പോള്‍ ബാത്റൂമിലാണ് സ്യൂട്ട്കേസ് കണ്ടത്. തുറന്നു പരിശോധിച്ചപ്പോള്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശരീരഭാഗങ്ങളിൽ പരിക്കേറ്റതിന്റെ നിരവധി പാടുകളുള്ളതായി പോലീസ് പറഞ്ഞു.
പൂനയില്‍ അറസ്റ്റിലായ രാകേഷിനെ ബംഗളൂരുവിലേക്ക് കൊണ്ടുവരാന്‍ പോലീസ് സംഘം പോയതായി സിറ്റി പോലീസ് കമ്മീഷണര്‍ ബി. ദയാനന്ദ പറഞ്ഞു.