കേന്ദ്രമന്ത്രി കേരളം സന്ദർശിക്കും
Friday, March 28, 2025 3:16 AM IST
ന്യൂഡൽഹി: കേരളത്തിൽ വന്യമൃഗ ആക്രമണം രൂക്ഷമായ പ്രദേശങ്ങൾ വൈകാതെ നേരിട്ടു സന്ദർശിക്കുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്.
ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനും വന്യജീവികളെ കാടിനുള്ളിൽ സംരക്ഷിക്കാനും കഴിയുന്നതു ചെയ്യുമെന്നും കേരള കോണ്ഗ്രസ്- എം ചെയർമാൻ ജോസ് കെ. മാണി എംപിയുടെ നേതൃത്വത്തിലുള്ള നിവേദകസംഘവുമായി നടത്തിയ കൂടിക്കാഴ്ചയിൽ മന്ത്രി ഉറപ്പു നൽകി.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽനിന്നു ജനങ്ങളെ രക്ഷിക്കണമെന്നും ഇതിനായി 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമവും ദേശീയ ദുരന്തനിവാരണ നിയമവും ഭേദഗതി ചെയ്യണമെന്നതും അടക്കമുള്ള കേരള കോണ്ഗ്രസ്- എം നേതാക്കളുടെ ആവശ്യങ്ങളിൽ വിശദമായ ചർച്ചകൾക്കുശേഷം തീരുമാനമെടുക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നൽകി.
പാർലമെന്റ് മന്ദിരത്തിലെ മന്ത്രിയുടെ ഓഫീസിൽ നടന്ന മുക്കാൽ മണിക്കൂറോളം നീണ്ട ചർച്ചയിൽ ജോസ് കെ. മാണിക്കു പുറമെ മുൻ എംപി തോമസ് ചാഴികാടൻ, സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എംഎൽഎമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായണ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ, മുൻ എംഎൽഎ സ്റ്റീഫൻ ജോർജ് എന്നിവരുമുണ്ടായിരുന്നു.
വന്യജീവി ആക്രമണങ്ങളിൽനിന്നു ജനങ്ങൾക്ക് പൂർണ സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്ഗ്രസ്-എം ജന്തർമന്തറിൽ നടത്തിയ പാർലമെന്റ് മാർച്ചിനും ധർണയ്ക്കും ശേഷമായിരുന്നു സംഘം കേന്ദ്രമന്ത്രിയെ സന്ദർശിച്ചത്.
പ്രശ്നത്തിൽ മന്ത്രി നേരിട്ട് ഇടപെട്ടു വനം ഉദ്യോഗസ്ഥർക്കു നിർദേശം നൽകണമെന്ന ആവശ്യം പരിഗണിച്ചാണ് കേരളം സന്ദർശിക്കുമെന്ന് മന്ത്രി ഉറപ്പു നൽകിയത്. ആവശ്യമെങ്കിൽ മധ്യകേരളത്തിലും മലബാറിലും പ്രത്യേക യോഗങ്ങൾ വിളിക്കാമെന്നും മന്ത്രി യാദവ് അറിയിച്ചു.
കേരളത്തിലെ ഗുരുതരമായ വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരമുണ്ടാകണമെന്നും ഇതിനായി നിയമഭേദഗതിയടക്കം നടപടികൾ വേണമെന്നും മന്ത്രിയോട് ജോസ് കെ. മാണി ആവശ്യപ്പെട്ടു. കേന്ദ്രനിയമത്തിലെ 11-ാം വകുപ്പിലെ രണ്ടാം ഉപവകുപ്പ് പ്രകാരം വനംവകുപ്പ് ഉദ്യോഗസ്ഥർ കർഷകരുടെയും സാധാരണക്കാരുടെയും പേരിൽ കേസെടുക്കുകയാണ്.
ജനവാസമേഖലകളിലിറങ്ങി ആക്രമിക്കുന്ന വന്യമൃഗത്തെ പ്രാണരക്ഷാർഥം കൊല്ലുകയോ മുറിവേൽപ്പിക്കുകയോ ചെയ്യുന്ന ഒരാളെ ക്രിമിനൽ നിയമത്തിന്റെ നടപടിക്രമങ്ങളിൽനിന്നും ഒഴിവാക്കുന്നതാണ് ഈ നിയമവ്യവസ്ഥ.
വനം ഉദ്യോഗസ്ഥരെപ്പോലെ സാധാരണക്കാരും നാട്ടിലിറങ്ങിയ വന്യമൃഗത്തെ സ്വജീവൻ രക്ഷിക്കാനായി വെടിവയ്ക്കേണ്ടി വന്നാൽ പ്രാഥമിക അന്വേഷണം നടത്താതെ ഒരാളെ പ്രതിയാക്കാൻ പാടില്ല. എന്നാൽ, വ്യാപകമായി ഈ നിയമപ്രകാരം സാധാരണക്കാരെ കുറ്റം ചുമത്തുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. ഒരാൾ കുറ്റം ചെയ്തുവെന്നു തെളിയിക്കേണ്ടത് ഇന്ത്യൻ ശിക്ഷാനിയമപ്രകാരം പ്രോസിക്യൂഷൻ ആണ്.
എന്നാൽ വനംവകുപ്പ് ചുമത്തുന്ന കേസുകളിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുന്നവരുടെ ബാധ്യതയായി ഇതു മാറുന്നു. നിയമത്തിന്റെ ഈ ദുരുപയോഗം തടയുന്നതിന് കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പ് 63 പ്രകാരം പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കണമെന്ന് മന്ത്രിയോട് ജോസ് കെ. മാണി ആവശ്യപ്പെട്ടു.
നിയമവശങ്ങൾ പരിശോധിച്ച് ഇത്തരമൊരു നിർദേശം നൽകാൻ ശ്രമിക്കുമെന്ന് മന്ത്രി യാദവ് മറുപടി നൽകി. ജനവാസകേന്ദ്രങ്ങളിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊന്നതിനെതിരേ കേന്ദ്രം നടപടിയെടുക്കില്ല. എന്നാൽ മൊത്തത്തിൽ കാട്ടുപന്നികളെ ഒന്നാകെ വെടിവയ്ക്കാൻ അനുമതി നൽകുക പ്രയാസമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.