മക്കൾ സംരക്ഷണം നൽകുന്നില്ലെങ്കിൽ സ്വത്തവകാശം റദ്ദാക്കാം: മദ്രാസ് ഹൈക്കോടതി
Thursday, March 20, 2025 2:02 AM IST
ചെന്നൈ: വാർധക്യത്തിൽ സംരക്ഷണം നൽകിയില്ലെങ്കിൽ മക്കൾക്കോ അനന്തരാവകാശികൾക്കോ കൈമാറ്റം ചെയ്യപ്പെട്ട സ്വത്തവകാശം റദ്ദാക്കാൻ മുതിർന്ന പൗരന്മാർക്ക് അവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി.
കൈവശാവകാശരേഖയിൽ ഇതു സംബന്ധിച്ച് പരാമർശിച്ചിട്ടില്ലെങ്കിലും നിയമം എല്ലാവർക്കും ബാധകമാണെന്നും എസ്.എം. സുബ്രഹ്മണ്യം, കെ. രാജശേഖർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
വിവാഹിതനായ മകന്റെ പേരിൽ സ്വത്ത് എഴുതിനൽകിയെങ്കിലും മകന്റെ മരണശേഷം മരുമകൾ തന്നെ തഴഞ്ഞെന്ന 87 വയസുള്ള നാഗലക്ഷ്മിയുടെ പരാതി പരിഗണിച്ച ആർഡിഒ കൈവശാവകാശം റദ്ദാക്കിയിരുന്നു. ഇതിനെതിരേയാണ് മരുമകൾ എസ്. മാല ഹൈക്കോടതിയെ സമീപിച്ചത്.
മക്കളോടുള്ള സ്നേഹമോ വാത്സല്യമോ ആണ് ഇത്തരം സ്വത്തവകാശ കൈമാറ്റത്തിനു പിന്നിൽ. അതിനാൽ 2007ലെ മെയ്ന്റനൻസ് ആൻഡ് വെൽഫെയർ ഓഫ് പേരന്റ്സ് ആൻഡ് സീനിയർ സിറ്റിസൺസ് ആക്ട് പ്രകാരം സ്വത്തവകാശം എഴുതിനൽകുന്നയാൾ, തനിക്ക് അടിസ്ഥാന അവകാശങ്ങൾ അനുവദിച്ചുകിട്ടുന്നില്ലെന്ന് പരാതിപ്പെട്ടാൽ സെറ്റിൽമെന്റ്, ഗിഫ്റ്റ് വസ്തുകൈമാറ്റ ഉടന്പടികൾ റദ്ദാക്കാനുള്ള അവകാശം സീനിയർ സിറ്റിസൺസ് ആക്ട് 21(1)ൽ ആ വ്യക്തിക്ക് അനുവദിച്ചുനൽകുന്നുണ്ടെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.