സുനിത വില്യംസിന് സ്വാഗതം പറഞ്ഞ്, അഭിനന്ദിച്ച് രാജ്യം
Thursday, March 20, 2025 2:02 AM IST
ന്യൂഡൽഹി: ഭൂമിയിൽ മടങ്ങിയെത്തിയ സുനിത വില്യംസിന് ആശംസയുമായി രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും മുതലുള്ള നേതാക്കൾ.
സ്ഥിരോത്സാഹവും അർപ്പണബോധവും ഒരിക്കലും കൈവിടാത്ത ആത്മവിശ്വാസവും മൂലം ഇന്ത്യയുടെ പുത്രിക്കും സഹയാത്രികർക്കും എല്ലാവരേയും പ്രചോദിപ്പിക്കാനായെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു സമൂഹമാധ്യമത്തിൽ കുറിച്ചു. നാസയുടെ ക്രൂ 9 സംഘത്തിന്റെ വിജയകരമായ മടക്കയാത്രയ്ക്കു പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും അഭിനന്ദിക്കുകയാണ്- അവർ തുടർന്നു.
‘സ്വാഗതം , ക്രൂ 9! ഭൂമി നിങ്ങളെ മിസ് ചെയ്തു’ എന്നാണു മോദി എക്സിൽ പോസ്റ്റ്ചെയ്തത്. നിശ്ചയദാര്‍ഢ്യത്തിന്റെയും ധൈര്യത്തിന്റെയും അതിരില്ലാത്ത മാനുഷിക പ്രയത്നത്തിന്റെയും പരീക്ഷണമായിരുന്നു അവരുടേത്. സ്ഥിരോത്സാഹം എന്താണെന്ന് സുനിത വില്യംസും ക്രൂ 9 ബഹിരാകാശയാത്രികരും നമുക്ക് കാണിച്ചുതന്നിരിക്കുകയാണ്. അവരുടെ ദൃഢനിശ്ചയം ദശലക്ഷങ്ങളെയാണു പ്രചോദിപ്പിക്കുക. തിരിച്ചുവരവിനായി അക്ഷീണം പ്രവര്‍ത്തിച്ച എല്ലാവരേയും അഭിനന്ദിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, പിയുഷ് ഗോയൽ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയ പ്രമുഖരും ബഹിരാകാശസംഘത്തെയും രക്ഷാദൗത്യത്തെയും അഭിനന്ദിച്ചു.
ബഹിരാകാശത്ത് ഒന്‍പതു മാസം അഭിമുഖീകരിച്ച വെല്ലുവിളികൾ കണക്കിലെടുത്ത് സുനിത വില്യംസിന് ഭാരതരത്നം നൽകണമെന്നാണു പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടത്.
നാസയുടെയും സ്പേസ് എക്സിന്റെയും യുഎസ്എയുടെയും അഭിമാനനേട്ടമാണു സുനിതയുടെ വിജയകരമായ മടക്കയാത്രയെന്ന് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ. ബഹിരാകാശ ഗവേഷണത്തിൽ സുനിത വില്യംസിന്റെ പരിചയം ഉപയോഗപ്പെടുത്താൻ ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.