മുല്ലപ്പെരിയാർ: കേന്ദ്രം പ്രത്യേക പരിഗണന നൽകണമെന്ന് ഡീൻ
Thursday, March 20, 2025 2:02 AM IST
ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ കാര്യക്ഷമമാക്കണമെന്ന് ഡീൻ കുര്യാക്കോസ്. ജലശക്തി മന്ത്രാലയത്തിന്റെ ധനാഭ്യർഥനയിൽ പങ്കെടുത്തു സംസാരിക്കുന്പോഴാണ് മുല്ലപ്പെരിയാർ വിഷയം ഡീൻ ലോക്സഭയിൽ ഉന്നയിച്ചത്.
ഡാം സുരക്ഷാ നിയമപ്രകാരം രൂപീകരിച്ച ദേശീയ ഡാം സുരക്ഷാ അഥോറിറ്റി (എൻഡിഎസ്എ) ക്ക് നിരവധി ഉത്തരവാദിത്വങ്ങളുണ്ട്. എങ്കിലും ഈ കടമകൾ ചെയ്യുന്നതിന് എൻഡിഎസ്എ ഇപ്പോഴും പര്യാപ്തമല്ല. ഡാം സുരക്ഷാ നിയമപ്രകാരം മുല്ലപ്പെരിയാർ അണക്കെട്ട് പ്രത്യേകമായി പരിഗണിക്കപ്പെടേണ്ടതാണ്.
തമിഴ്നാടിന് ആവശ്യത്തിന് വെള്ളം നൽകുന്നത് തുടർന്ന്, കേരളത്തിന് സുരക്ഷ ഉറപ്പാക്കി പുതിയ ഡാം യാഥാർഥ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ ഡാം സുരക്ഷാ അഥോറിറ്റിയുടെ നേതൃത്വത്തിൽ തയാറാക്കണമെന്നും ഡീൻ ആവശ്യപ്പെട്ടു.