മീററ്റില്‍ ഭാര്യയും കാമുകനും ചേര്‍ന്ന് മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ വെട്ടിനുറുക്കി വീപ്പയിലാക്കി
Thursday, March 20, 2025 2:02 AM IST
മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി വീപ്പയില്‍ ഒളിപ്പിച്ചു.
കഴിഞ്ഞ നാലിനാണ് സൗരഭ് തിവാരി രാജ്പുട്ട് എന്ന മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യ മുസ്കാന് റസ്തോഗിയും കാമുകന് സാഹില്‍ ശുക്ലയും ചേര്‍ന്നു കൊലപ്പെടുത്തിയത്. മൃതദേഹം 15 കഷണങ്ങളാക്കിയശേഷം വീപ്പയില്‍ ഒളിപ്പിച്ച് സിമിന്റ് ഉപയോഗിച്ച് അടയ്ക്കുകയും ചെയ്തു.
മുസ്കാനും സാഹിലും ലഹരിക്ക് അടിമകളായിരുന്നുവെന്ന് മുസ്കാന്റെ കുടുംബം പറഞ്ഞു. ഇത് തടഞ്ഞതാകാം കൊലപാതകത്തിന് കാരണമെന്നാണ് സംശയം. മയക്കുമരുന്നില്ലാതെ തനിക്ക് ജീവിക്കാനാകില്ലെന്ന് മുസ്കാന് പറഞ്ഞിരുന്നുവെന്നും കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി. മുസ്കാന് കടുത്ത ശിക്ഷ നല്‍കണമെന്നും അവരുടെ വീട്ടുകാര്‍ പറഞ്ഞു.
സ്കൂളില്‍ ഒന്നിച്ചുപഠിച്ചിരുന്ന മുസ്കാനും സാഹിലും 2019 മുതല്‍ സോഷ്യല്‍ മീഡിയ വഴി വീണ്ടും ഒന്നിക്കുകയായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് സൗരഭ് ലണ്ടനിലേക്ക് പോയതോടെ സാഹിലിന്റെ നിര്‍ബന്ധത്തിനു വഴങ്ങി മുസ്കാന് മയക്കുമരുന്ന് ഉപയോഗിക്കുകയായിരുന്നു.
മകളുടെ ജന്മദിനം ആഘോഷിക്കാനായി ഫെബ്രുവരി 24ന് സൗരഭ് വീട്ടിലെത്തിയപ്പോഴാണ് മുസ്കാനും സാഹിലും സൗരഭിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്. കഴിഞ്ഞ നാലിന് സൗരഭിന്റെ ഭക്ഷണത്തില്‍ ഉറക്കഗുളികകള്‍ കലര്‍ത്തി നൽകി മയക്കിയശേഷം കൊലപ്പെടുത്തുകയായിരുന്നു.