സുനിതയുടെ മടക്കം ഉത്സവമാക്കി ഗുജറാത്തിലെ കൊച്ചുഗ്രാമം
Thursday, March 20, 2025 2:02 AM IST
മെഹ്സാന: ഒന്പത് മാസം നീണ്ട രാജ്യാന്തര ബഹിരാകാശനിലയത്തിലെ വാസത്തിനുശേഷം ഭൂമിയിലെത്തിയ സുനിത വില്യംസിന്റെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ഗുജറാത്തിലെ മെഹ്സാന ജില്ലയിലുള്ള ഝുലാസൻ എന്ന കൊച്ചുഗ്രാമം. 1957ൽ യുഎസിലേക്ക് കുടിയേറിയ സുനിതയുടെ അച്ഛൻ ജനിച്ചുവളർന്ന ഗ്രാമമാണ് ഝുലാസൻ.
സുനിതയും സഹപ്രവർത്തകൻ ബുച്ച് വിൽമറും ഡ്രാഗൺ ക്രൂ 9 പേടകത്തിൽ ലാൻഡ് ചെയ്യുന്നതിന്റെ തത്സമയ ദൃശ്യങ്ങൾ കാണാനായി ഝുലാസൻ ഗ്രാമത്തിലുള്ള ക്ഷേത്രത്തിലെ ടെലിവിഷനു മുന്നിൽ ജനം തടിച്ചുകൂടി. ലാൻഡ് ചെയ്തയുടൻ ഹർ ഹർ മഹാദേവ് വിളികളോടൊപ്പം പടക്കങ്ങൾ പൊട്ടിച്ചും നൃത്തം ചെയ്തുമാണ് ഗ്രാമീണർ ആഘോഷിച്ചത്.
സുനിത പുറപ്പെടും മുന്പുതന്നെ ഇവരിൽ പലരും ഇതേ ക്ഷേത്രത്തിൽ ഒത്തുകൂടി യജ്ഞവും പ്രാർഥനകളും നടത്താൻ ആരംഭിച്ചിരുന്നു. അന്നു ക്ഷേത്രത്തിലെ ‘അഖണ്ഡ ജ്യോതി’യും കൊളുത്തിയാണ് ആരാധകർ മടങ്ങിയത്. ആഘോഷങ്ങൾ അവസാനിപ്പിക്കാനും ഗ്രാമവാസികൾ തീരുമാനിച്ചിട്ടില്ല.
ദീപാവലിയും ഹോളിയും പോലെ ആഘോഷാന്തരീക്ഷം സൃഷ്ടിക്കാനാണു ശ്രമമെന്ന് സുനിതയുടെ ബന്ധുവായ നവീൻ പാണ്ഡ്യ പറഞ്ഞു. ഗംഭീരമായ പ്രദക്ഷിണവും കരിമരുന്ന് പ്രയോഗവുമുണ്ടാകും. ഗ്രാമത്തിലെ സ്കൂളിൽനിന്ന് അഖണ്ഡ ജ്യോതി കൊളുത്തിവച്ചിരിക്കുന്ന ക്ഷേത്രത്തിലേക്കു പ്രദക്ഷിണം ഉൾപ്പെടെ സംഘടിപ്പിക്കും. ആഘോഷങ്ങളിൽ സ്കൂൾ കുട്ടികളും പങ്കെടുക്കും.
ഇതിനുശേഷം ജ്യോതി നിമഞ്ജനം ചെയ്യും. സുനിതയെ ഗ്രാമത്തിലേക്ക് ക്ഷണിക്കാനൊരുങ്ങുകയാണ് ജനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.