ബിൽ ഗേറ്റ്സ് പാർലമെന്റ് സന്ദർശിച്ചു
Thursday, March 20, 2025 2:02 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: മൈക്രോസോഫ്റ്റ് സഹസ്ഥാപകനും പ്രമുഖ കാരുണ്യപ്രവർത്തകനുമായ ബിൽ ഗേറ്റ്സ് പാർലമെന്റ് മന്ദിരത്തിലെത്തി. ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, കൃഷി, കാലാവസ്ഥാ വ്യതിയാനം, വിദ്യാഭ്യാസം, തൊഴിൽ സൃഷ്ടിക്കൽ എന്നീ മേഖലകളിൽ നിർമിതബുദ്ധി (എഐ) പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവുമായും ഗേറ്റ്സ് ഇന്നലെ ചർച്ച നടത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാൻ, അശ്വനി വൈഷ്ണവ് എന്നിവരുമായി ഗേറ്റ്സ് നേരത്തേ കൂടിക്കാഴ്ച നടത്തിയിരുന്നു. ബിൽ ഗേറ്റ്സിനും സഹപ്രവർത്തകർക്കും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പ്രഭാതഭക്ഷണം നൽകി. വികസിത ഭാരതത്തിലേക്കുള്ള പാതയിൽ ആരോഗ്യം, കൃഷി, നിർമിതബുദ്ധി തുടങ്ങിയവയിൽ ഇന്ത്യയുടെ പുരോഗതി അതിശയകരമാണെന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഗേറ്റ്സ് എക്സിൽ കുറിച്ചു.
രാജ്യസഭയുടെ നേതാവുകൂടിയായ മന്ത്രി നഡ്ഡയുടെ പാർലമെന്റിലെ ഓഫീസിലെത്തിയാണ് ഗേറ്റ്സ് അദ്ദേഹവുമായി ചർച്ച നടത്തിയത്. എന്നാൽ ലോക്സഭയിലെയും രാജ്യസഭയിലെയും നടപടികൾ നേരിട്ടു കാണാൻ അദ്ദേഹം വിദേശപ്രതിനിധികളുടെ ഗാലറിയിലേക്കു പോയില്ല. ആരോഗ്യസംരക്ഷണ മേഖലയിൽ ഇന്ത്യൻ സർക്കാരും ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനും തമ്മിലുള്ള സഹകരണം തുടരുമെന്ന് ചർച്ചയ്ക്കുശേഷം മന്ത്രി നഡ്ഡ അറിയിച്ചു.
ഗേറ്റ്സ് ഫൗണ്ടേഷന്റെ പിന്തുണയോടെ മാതൃ ആരോഗ്യം, രോഗപ്രതിരോധം, ശുചിത്വം തുടങ്ങിയ മേഖലകളിൽ ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായി മന്ത്രി പറഞ്ഞു.
ഗേറ്റ്സ് ഫൗണ്ടേഷനും കേന്ദ്ര കൃഷി, ഗ്രാമവികസന മന്ത്രാലയവുമായി സഹകരണത്തിന്റെ പുതിയ മേഖലകൾ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കി. ഇന്ത്യയുടെ കാർഷിക പരിവർത്തനത്തിനായി അത്യാധുനിക സാങ്കേതികവിദ്യകളിലൂടെ പരിഹാരങ്ങൾ വികസിപ്പിക്കാൻ ചൗഹാനുമായുള്ള ചർച്ച വഴിതെളിച്ചുവെന്ന് ഗേറ്റ്സ് പറഞ്ഞു. കാർഷികവിളവും പോഷകാഹാരവും വർധിപ്പിക്കാനും കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രതിരോധശേഷി കൂട്ടാനും ഇന്ത്യയിലെ കർഷകരെ സഹായിക്കുന്നതാണു പദ്ധതികളെന്നും ഗേറ്റ്സ് വിശദീകരിച്ചു.
‘സുവർണ ആന്ധ്രാപ്രദേശ് 2047’ എന്ന ദർശനം സാക്ഷാത്കരിക്കുന്നതിൽ ഗേറ്റ്സ് ഫൗണ്ടേഷന്റെ പങ്കിനെ മുഖ്യമന്ത്രി നായിഡു പ്രശംസിച്ചു. ഭക്ഷ്യസുരക്ഷ, ഗ്രാമവികസനം, കാർഷികമേഖലയിൽ എഐ, മെഷീൻ ലേണിംഗ് എന്നിവയുടെ പ്രയോഗം എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ ചർച്ചയിൽ ഉൾപ്പെട്ടതായി നായിഡു വെളിപ്പെടുത്തി. ആന്ധ്രയുടെ ദീർഘകാല വികസനലക്ഷ്യം നേടുന്നതിനും ജനങ്ങളെ ശക്തീകരിക്കുന്നതിനും ഗേറ്റ്സ് ഫൗണ്ടേഷനുമായുള്ള പങ്കാളിത്തം നിർണായക പങ്ക് വഹിക്കുമെന്നും നായിഡു പറഞ്ഞു.