മോദിയെ വീണ്ടും പ്രകീർത്തിച്ച് തരൂർ
Thursday, March 20, 2025 2:02 AM IST
ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ച സമീപനത്തെ പ്രകീർത്തിച്ച് മുതിർന്ന കോണ്ഗ്രസ് നേതാവും എംപിയുമായ ശശി തരൂർ.
യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഇന്ത്യയെടുത്ത നിഷ്പക്ഷ നിലപാടിനെ വിമർശിച്ചതിൽ ഖേദമുണ്ടെന്നും ആ നിലപാട് മൂലമാണു രാജ്യത്തിന് സമാധാനം ഉറപ്പിക്കാനുള്ള ശ്രമങ്ങൾ നടത്താൻ കഴിയുന്നതെന്നും തരൂർ ന്യൂഡൽഹിയിൽ നടന്ന "റെയ്സീന ഡയലോഗി’ൽ പറഞ്ഞു. ഇന്ത്യയുടെ നയതന്ത്രപാടവത്തെ പുകഴ്ത്തിയ തരൂരിനെ പ്രശംസിച്ച് ബിജെപിയും രംഗത്തുവന്നതോടെ തരൂരിന്റെ പ്രസ്താവനകൾ വീണ്ടും രാഷ്ട്രീയരംഗത്ത് ചർച്ചയായി.
റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ച 2022ൽ ഇന്ത്യയെടുത്ത നിലപാടുകളെ പാർലമെന്റിൽ വിമർശിച്ചതു താനാണെന്ന് കോണ്ഗ്രസ് പ്രവർത്തകസമിതി അംഗംകൂടിയായ തരൂർ പറഞ്ഞു. റഷ്യ യുക്രെയ്നെ ആക്രമിച്ചപ്പോൾ ഇന്ത്യയെടുത്ത നിലപാടിനെ അന്നു വിമർശിച്ചതിൽ ഞാനിന്നു ഖേദിക്കുകയാണ്.
യുദ്ധത്തിൽ ഇന്ത്യയുടെ നിഷ്പക്ഷ നിലപാടു മൂലമാണ് ആഴ്ചകളുടെ വ്യത്യാസത്തിൽ റഷ്യയിലെയും യുക്രെയ്നിലെയും പ്രധാനമന്ത്രിമാരെ ആശ്ലേഷിക്കാനും ഇരുരാജ്യത്തും സ്വീകരിക്കപ്പെടാനും കഴിയുന്ന പ്രധാനമന്ത്രിയായി മോദിക്കു മാറാൻ കഴിഞ്ഞത്.
യുദ്ധത്തിൽ ഐക്യരാഷ്ട്ര സംഘടനയുടെ നിയമങ്ങളുടെ ലംഘനമുണ്ടായിരുന്നുവെന്നും അതിനെതിരേ ഇന്ത്യ ശക്തമായ നിലപാട് എടുക്കാത്തതിനെ ചൂണ്ടിക്കാട്ടിയാണു താൻ വിമർശനമുന്നയിച്ചിരുന്നതെന്നും തരൂർ വ്യക്തമാക്കി.
തരൂരിന്റെ നിലപാട് മറ്റു കോണ്ഗ്രസ് നേതാക്കളും പിന്തുടരണമെന്ന് ബിജെപി എംപിയും മുൻ കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ് പറഞ്ഞു. യുദ്ധത്തെക്കുറിച്ചു മുന്പ് നടത്തിയ പ്രസ്താവനകൾ തെറ്റാണെന്ന് അല്പം താമസിച്ചാണെങ്കിലും അദ്ദേഹത്തിനു മനസിലായെന്നും മോദിസർക്കാരിന്റെ തീരുമാനങ്ങൾ രാജ്യതാത്പര്യങ്ങൾക്ക് അനുസൃതമായാണെന്നും രവിശങ്കർ പറഞ്ഞു.
തരൂരിന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി സിപിഎമ്മിന്റെ രാജ്യസഭാ എംപി ജോണ് ബ്രിട്ടാസ് രംഗത്തു വന്നു. തരൂർ കോണ്ഗ്രസിന്റെ വിലപിടിപ്പുള്ള നേതാവാണെന്നും പാശ്ചാത്യരാജ്യങ്ങളുടെ സമ്മർദത്തിന് ഇന്ത്യ വഴങ്ങരുതെന്ന് മുന്പ് പറഞ്ഞ ഇടതുപാർട്ടികളെയാണ് അദ്ദേഹം അഭിനന്ദിക്കേണ്ടതെന്നും ബ്രിട്ടാസ് പറഞ്ഞു.