കഴിഞ്ഞ വർഷം രാജ്യത്ത് ഇന്റർനെറ്റ് റദ്ദാക്കിയത് 84 തവണ
Thursday, February 27, 2025 2:14 AM IST
ന്യൂഡൽഹി: കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് റദ്ദാക്കിയ ജനാധിപത്യരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാമത്. സന്നദ്ധസംഘടനയായ ആക്സസ് നൗവിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം രാജ്യത്ത് 84 തവണ ഇന്റർനെറ്റ് റദ്ദാക്കിയതായാണ് റിപ്പോർട്ടിൽ പറയുന്നത്.
സൈനികഭരണം നിലനിൽക്കുന്ന മ്യാൻമറിൽ 85 തവണ ഇന്റർനെറ്റ് റദ്ദാക്കിയിട്ടുണ്ട്. മണിപ്പുർ സംഘർഷമടക്കം പൊട്ടിപ്പുറപ്പെട്ട 2023 ൽ 116 തവണയാണ് ഇന്ത്യയിൽ ഇന്റർനെറ്റ് റദ്ദാക്കിയത്. ഇതിൽനിന്നും നേരിയ കുറവാണ് കഴിഞ്ഞ വർഷം സംഭവിച്ചിട്ടുള്ളത്.
വിവിധ തരത്തിലുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി 41 തവണയും വർഗീയ, വംശീയ കലാപത്തിന്റെ പേരിൽ 23 തവണയും ഇന്റർനെറ്റ് സേവനം രാജ്യത്തു വിവിധ ഭാഗങ്ങളിലായി റദ്ദാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് സേവനം റദ്ദാക്കിയ സംസ്ഥാനം മണിപ്പുരാണ്. 21 തവണയാണ് ഇവിടെ ഇന്റർനെറ്റ് സർക്കാർ റദ്ദാക്കിയത്. മണിപ്പുർ കലാപമായിരുന്നു കാരണം. ഹരിയാനയിലും ജമ്മു കാഷ്മീരിലും 12 തവണ വീതവും ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി.
16ലധികം സംസ്ഥാനങ്ങളിൽ കുറഞ്ഞത് ഒരുതവണയെങ്കിലും ഇന്റർനെറ്റ് സേവനം സർക്കാർ റദ്ദാക്കി. കഴിഞ്ഞ വർഷം ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയ രാജ്യങ്ങളുടെ കണക്കെടുത്താൽ അതിൽ 64 ശതമാനത്തിലേറെയും മ്യാൻമർ, ഇന്ത്യ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലാണ്.
ഏഷ്യ-പസഫിക് മേഖലയിലെ 11 രാജ്യങ്ങളിൽ മാത്രമായി 202 ലധികം തവണയാണ് ഇന്റർനെറ്റ് റദ്ദാക്കിയത്. മനുഷ്യന്റെ നിത്യജീവിതത്തിന്റെ ഭാഗമായ ഇന്റർനെറ്റ് സേവനം പ്രതിഷേധങ്ങളുടെ സമയത്ത് റദ്ദാക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ആക്സസ് നൗവിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.