നിജ്ജാർ വധം: പ്രധാനമന്ത്രിക്ക് അറിവുണ്ടായിരുന്നെന്ന ആരോപണം തള്ളി കേന്ദ്രം
Friday, November 22, 2024 2:49 AM IST
ന്യൂഡൽഹി: ഖലിസ്ഥാൻ വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാർ വധത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവുണ്ടായിരുന്നുവെന്ന കനേഡിയൻ മാധ്യമറിപ്പോർട്ട് തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പ്രധാനമന്ത്രിക്കെതിരേയുള്ള അപകീർത്തി പ്രചാരണമാണിതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ദീപ് ജയ്സ്വാൾ വ്യക്തമാക്കി.
തെറ്റായ ഇത്തരം സന്ദേശം കൈമാറിയ ഉദ്യോഗസ്ഥനെതിരേ നടപടി വേണമെന്നും അദ്ദേഹത്തെ പുറത്താക്കാൻ ട്രൂഡോ സർക്കാർ തയാറാകണമെന്നും പത്രറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്‍ദീപ് ജയ്സ്വാൾ ആവശ്യപ്പെട്ടു.
പേരു വെളിപ്പെടുത്താത്ത കനേഡിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കനേഡിയൻ ദിനപത്രം "ഗ്ലോബ് ആൻഡ് മെയിൽ' ആണ് നിജ്ജാർ വധത്തെക്കുറിച്ച് നരേന്ദ്ര മോദിക്ക് അറിവുണ്ടായിരുന്നുവെന്ന റിപ്പോർട്ട് പുറത്തുവിട്ടത്.
ഇന്ത്യയുടെ ദേശീയസുരക്ഷാ ഉപദേഷ്ടാവും വിദേശകാര്യമന്ത്രിയും ഈ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നും റിപ്പോർട്ട് അവകാശപ്പെട്ടിരുന്നു.