മണിപ്പുർ മുഴുവൻ അഫ്സ്പ നടപ്പാക്കണം: കുക്കി എംഎൽഎമാർ
Friday, November 22, 2024 2:49 AM IST
ഇംഫാൽ: സംസ്ഥാനമാകെ പ്രത്യേക സൈനികാധികാര നിയമം (അഫ്സ്പ) നടപ്പാക്കണമെന്ന് മണിപ്പുരിലെ കുക്കി എംഎൽഎമാർ. ഏഴ് എൻഡിഎ എംഎൽഎമാർ ഉൾപ്പെടെ 10 കുക്കി നിയമസഭാംഗങ്ങളാണ് സംയുക്ത പ്രസ്താവനയിൽ ആവശ്യം ഉന്നയിച്ചത്.
കലാപകാരികൾ കവർന്ന ആയുധങ്ങൾ തിരിച്ചുപിടിക്കാൻ അഫ്സ്പ സംസ്ഥാനത്താകെ വ്യാപിപ്പിക്കണമെന്നാണ് ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്തിടെ കലാപമുണ്ടായ ജിരിബാം ഉൾപ്പെടെ ആറ് പോലീസ് സ്റ്റേഷൻ പരിധിയിൽക്കൂടി അഫ്സ്പ നടപ്പാക്കിയിരുന്നു.
നിലവിൽ 13 പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന പ്രദേശങ്ങൾ ഒഴികെ സംസ്ഥാനമാകെ പ്രത്യേക സൈനികാധികാര നിയമത്തിനു കീഴിലാണ്.
ജിരിബാം ജില്ലയിൽ മൂന്നു സ്ത്രീകളെയും മൂന്നു കുട്ടികളെയും കൊലപ്പെടുത്തിയ കുക്കി തീവ്രവാദികൾക്കെതിരേ ശക്തമായ നടപടി വേണമെന്നാവശ്യപ്പെടുന്ന എൻഡിഎ എംഎൽഎമാരുടെ പ്രമേയത്തെയും പ്രസ്താവനയിൽ വിമർശിച്ചു.
പ്രമേയം ഏകപക്ഷീയവും വർഗീയവുമാണ്. 2023 മേയ് മൂന്നാം തീയതി മുതലുള്ള കൊലപാതക കേസുകളെല്ലാം എൻഐഎയ്ക്കു കൈമാറണമെന്നും കുക്കി നിയമസഭാംഗങ്ങൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പ്രസ്താവനയിൽ ഒപ്പിട്ടവരിൽ അഞ്ചു പേർ ബിജെപിയുടെയും രണ്ടു പേർ ജെഡി-യുവിന്റെയും നിയമസഭാംഗങ്ങളാണ്.