ആരോപണങ്ങൾ മോദിയെ തകർക്കാൻ: ബിജെപി
Friday, November 22, 2024 2:49 AM IST
ന്യൂഡൽഹി: അദാനിക്കെതിരേയുള്ള അമേരിക്കയുടെ കുറ്റപത്രത്തിൽ പരാമർശിക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങളെല്ലാം ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്നതാണെന്ന് ബിജെപി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടുള്ള പ്രതിപക്ഷത്തിന്റെ ദീർഘകാല ശ്രമത്തിന്റെ ഭാഗമായാണു മോദി- അദാനി ബന്ധം ആരോപിക്കുന്നതെന്നും ബിജെപി എംപിയും ദേശീയ വക്താവുമായ സാംബിത് പത്ര ബിജെപി ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആരോപണത്തിൽ വിശദീകരണം നൽകേണ്ടതും പ്രതികരിക്കേണ്ടതും കന്പനിയാണ്. 2022 മുതൽ രാഹുലും അമ്മ സോണിയ ഗാന്ധിയും മോദിയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്താൻ ശ്രമിക്കുകയാണ്. എന്നാൽ ഇതുവരെ ഫലമുണ്ടായില്ല.
മോദി പ്രധാനമന്ത്രിയായതോടെ ഇന്ത്യൻ സന്പദ്വ്യവസ്ഥ ശക്തിപ്രാപിക്കുന്നത് കോണ്‍ഗ്രസിനു സഹിക്കാൻ കഴിയുന്നില്ല. ആരോപണങ്ങൾ ഉന്നയിച്ച രാഹുൽ ഇന്ത്യൻ സന്പദ് വ്യവസ്ഥയെ തകർക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റ് സമ്മേളനം ആരംഭിക്കുന്പോൾ ലോക്സഭയിൽ പ്രതിപക്ഷ നേതാവ് ഒരു നാടകം ആരംഭിക്കുമെന്നും അതിനെ ചെറുക്കുമെന്നും സാംബിത് പത്ര വ്യക്തമാക്കി.