മണിപ്പുർ: രാഷ്ട്രപതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കോണ്ഗ്രസ്
Wednesday, November 20, 2024 2:25 AM IST
ന്യൂഡൽഹി: മണിപ്പുരിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തെഴുതി.
സംസ്ഥാനത്തിന്റെ സാന്പത്തികമേഖലയെയും ജനങ്ങളുടെ ജീവിതസാഹചര്യങ്ങളെയും കലാപം ബാധിച്ചുവെന്ന് രാഷ്ട്രപതിക്കെഴുതിയ കത്തിൽ ഖാർഗെ ചൂണ്ടിക്കാട്ടി. മണിപ്പുരിലെ ജനങ്ങൾക്കു കേന്ദ്രസർക്കാരിലും സംസ്ഥാന സർക്കാരിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടു. 18 മാസമായി മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ ഇരു സർക്കാരുകളും പരാജയപ്പെട്ടു.
ഓരോ ദിവസം കഴിയുംതോറും അരക്ഷിതാവസ്ഥ മാറ്റമുണ്ടാകാതെ തുടരുകയാണ്. കൈക്കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം നിഷ്കരുണം കൊല ചെയ്യപ്പെടുകയാണെന്നും ഖാർഗെ കത്തിൽ വ്യക്തമാക്കി. കലാപത്തെത്തുടർന്ന് 300 ലധികം മനുഷ്യജീവനുകൾ നഷ്ടപ്പെട്ടു.
ഒരുലക്ഷത്തോളം ആളുകൾ കുടിയിറക്കപ്പെട്ടു. അവർ ഇന്ന് ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നടപടി കലാപം കൂട്ടുന്നതല്ലാതെ കുറയ്ക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രപതിയുടെ ഇടപെടലിലൂടെ മണിപ്പുരിലെ ജനങ്ങൾക്ക് സുരക്ഷിതമായി അവരുടെ വീടുകളിൽ കഴിയാനുള്ള സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.