മഹാരാഷ്ട്രയിൽ പിടികൂടിയ അഞ്ചു കോടി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ: കോണ്ഗ്രസ്
Wednesday, November 20, 2024 2:25 AM IST
ന്യൂഡൽഹി: മുംബൈയിലെ ഒരു ഹോട്ടലിൽവച്ചു ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയുടെ പക്കൽനിന്നു പിടികൂടിയ അഞ്ചു കോടി രൂപ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൊണ്ടുവന്നതാണെന്ന് കോണ്ഗ്രസ്.
ഒരുവശത്ത് അഞ്ചു കോടി രൂപയുമായി ബിജെപി സെക്രട്ടറിയെ പിടികൂടിയതും മറുഭാഗത്ത് ഏക്നാഥ് ഷിൻഡെ പക്ഷം സ്ഥാനാർഥിയുടെ മുറിയിൽനിന്ന് രണ്ടുകോടി രൂപ പിടികൂടിയതും തെരഞ്ഞെടുപ്പ് സമയത്തെ മഹായുതി സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് അട്ടിമറിയാണു വ്യക്തമാക്കുന്നതെന്ന് കോണ്ഗ്രസ് സാമൂഹികമാധ്യമമായ എക്സിൽ കുറിച്ചു.
ഒരുമിച്ചു നിന്നാൽ സേഫ് (സുരക്ഷിതർ) ആയിരിക്കും എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം ഉപയോഗിച്ചായിരുന്നു സംഭവത്തിൽ കോണ്ഗ്രസ് നേതാക്കളുടെ പരിഹാസം. ആരുടെ സേഫിൽനിന്നാണ് അഞ്ചു കോടി രൂപയെത്തിയതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചോദിച്ചു.
പണക്കരുത്തും മസിൽക്കരുത്തും കൊണ്ട് മഹാരാഷ്ട്രയെ സേഫ് ആക്കണമെന്നാണ് മോദിയുടെ ആഗ്രഹമെന്ന് കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു.
താവ്ഡെയ്ക്കെതിരേ കടുത്ത നടപടിയെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോടു കോണ്ഗ്രസ് വക്താവ് സുപ്രിയ ശ്രിനാതെ ആവശ്യപ്പെട്ടു