"എല്ലാം അദാനിക്കുവേണ്ടി'; ആന്ധ്രപ്രദേശിലും തമിഴ്നാട്ടിലും അഴിമതി
Friday, November 22, 2024 2:49 AM IST
ന്യൂഡൽഹി: ആന്ധ്രപ്രദേശിലും തമിഴ്നാട്ടിലും ഊർജപദ്ധതികൾ അദാനിക്കു നൽകിയതിൽ വൻ അഴിമതിയുണ്ടെന്ന് ആരോപണം.
ആന്ധ്രപ്രദേശിൽ 9,000 മെഗാവാട്ട് സോളാർ പവർ പ്ലാന്റുകൾ സ്ഥാപിക്കാൻ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചതിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ആന്ധ്ര മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢിയും അദാനിയുമായുള്ള ചർച്ചകളെത്തുടർന്നാണ് അഴിമതിക്ക് കളമൊരുങ്ങിയതെന്നാണു പരാതി.
ഗുണനിലവാരം കുറഞ്ഞ കൽക്കരി ഇറക്കുമതി ചെയ്ത് മൂന്നിരട്ടി വിലയ്ക്കു തമിഴ്നാട് സർക്കാരിന്റെ ഊർജ ഉത്പാദന-വിതരണ കന്പനിയായ ടാൻഗെഡ്കോയ്ക്ക് അദാനി കന്പനി മറിച്ചുവിറ്റതിൽ വൻ അഴിമതിയുണ്ടെന്ന ആരോപണത്തെക്കുറിച്ച് കഴിഞ്ഞ ജൂലൈയിൽ തമിഴ്നാട്ടിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
അണ്ണാ ഡിഎംകെ സർക്കാരിന്റെ കാലത്ത് 2018ലെ ഇടപാടിനെക്കുറിച്ച് അന്വേഷിച്ച് രണ്ടു മാസത്തിനകം റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം. എന്നാൽ അദാനി ഗ്രൂപ്പിന്റെ സമ്മർദത്തിൽ ഇതിന്മേൽ തുടർനടപടികൾ മരവിച്ചതായി പറയുന്നു. വായുമലിനീകരണം കൂട്ടുന്ന നിലവാരമില്ലാത്ത കൽക്കരി വാങ്ങിയതിൽ സർക്കാരിന് 6,000 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണു കേസ്.
ട്രംപിന് അദാനിയുടെ നിക്ഷേപ വാഗ്ദാനം
►ഗൗതം അദാനിക്കെതിരായ കുറ്റാരോപണങ്ങൾ പുറത്തുവന്ന ദിവസം തന്നെ, നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെ അഭിനന്ദിച്ചുകൊണ്ട് ഹരിതോർജ ഉത്പാദനത്തിൽ (ഗ്രീൻ എനർജി) പുതിയ നിക്ഷേപം അദാനി പ്രഖ്യാപിച്ചു. ഊർജ നിയന്ത്രണങ്ങൾ നീക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനങ്ങളും അദാനിയുടെ വാഗ്ദാനങ്ങളും തമ്മിൽ ബന്ധമുണ്ടെന്നാണു വിലയിരുത്തൽ. ട്രംപിനെ അഭിനന്ദിക്കുന്ന അദാനിയുടെ ട്വീറ്റ് മുൻകൂർ ജാമ്യാപേക്ഷയാണെന്ന് പ്രതിപക്ഷ നേതാക്കൾ പരിഹസിച്ചു.
► കുറ്റാരോപണത്തിന് മണിക്കൂറുകൾക്കുമുന്പ്, അമേരിക്കയിലെ ബോണ്ട് വില്പനയിലൂടെ അദാനി ഗ്രൂപ്പ് സമാഹരിക്കാൻ ലക്ഷ്യമിട്ടത് 6,000 ലക്ഷം (600 മില്യണ്‍) ഡോളർ. എന്നാൽ, കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ, അദാനി ഗ്രീൻ എനർജി ലിമിറ്റഡ് നിർദിഷ്ട 6,000 ലക്ഷം ഡോളർ മൂല്യമുള്ള ബോണ്ട് ഇഷ്യു നിർത്തിവച്ചതായി അദാനി കന്പനി പ്രഖ്യാപിച്ചു.
സ്റ്റോക് എക്സ്ചേഞ്ചുകളിലെ ഇന്നലത്തെ ആദ്യവ്യാപാരത്തിൽ അദാനി ഗ്രൂപ്പ് ഓഹരികൾ കനത്ത തകർച്ച നേരിട്ടതിനു പിന്നാലെയാണു തീരുമാനം. അദാനി എനർജി, അദാനി എന്റർപ്രൈസസ് ഓഹരിവില 20 ശതമാനം രാവിലെതന്നെ ഇടിഞ്ഞു.
►സ്റ്റോക്ക് കൃത്രിമം നടത്തിയതിനും നികുതിസങ്കേതങ്ങളുടെ ദുരുപയോഗം സംബന്ധിച്ചും 2023 ജനുവരിയിൽ പുറത്തുവന്ന അമേരിക്കയിലെ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിനെത്തുടർന്ന് അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യത്തിൽനിന്ന് 15,000 കോടി (150 ബില്യണ്‍) ഡോളർ നഷ്ടം നേരിട്ടിരുന്നു.
ഗൗതം അദാനിക്കെതിരേ അമേരിക്കയിൽ അന്വേഷണം നടക്കുന്നതായി കഴിഞ്ഞ മാർച്ചിൽ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ചെയർമാൻ അദാനിക്കെതിരേ ഇത്തരമൊരു അന്വേഷണത്തെക്കുറിച്ച് അറിയില്ലെന്നാണ് അദാനി ഗ്രൂപ്പ് അന്നു പ്രതികരിച്ചത്.
ഏറ്റവും ഉയർന്ന നിലവാരത്തോടെ പ്രവർത്തിക്കുന്ന ഒരു ബിസിനസ് ഗ്രൂപ്പെന്ന നിലയിൽ, ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും അഴിമതി- കൈക്കൂലി വിരുദ്ധ നിയമങ്ങൾക്കു വിധേയമാണെന്നും നിയമങ്ങൾ പൂർണമായും അനുസരിക്കുന്നുവെന്നുമായിരുന്നു അദാനി കന്പനിയുടെ വാദം.