ബിരേൻ സിംഗിനെ മാറ്റിയാൽ തീരുമാനം പുനഃപരിശോധിച്ചേക്കുമെന്ന് എൻപിപി
Friday, November 22, 2024 2:49 AM IST
ഇംഫാൽ: മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻസിംഗിനെ മാറ്റിയാൽ, സർക്കാരിനുള്ള പിന്തുണ പിൻവലിച്ച തീരുമാനം പുനഃപരിശോധിച്ചേക്കുമെന്ന് നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി).
എൻപിപി ദേശീയ വൈസ് പ്രസിഡന്റ് യുംനാം ജോയ്കുമാർ സിംഗാണ് ഇക്കാര്യം അറിയിച്ചത്. ""മണിപ്പുർ സാധാരണനിലയിലാക്കാൻ ബിരേൻ സിംഗിനു കഴിഞ്ഞില്ല. പിന്തുണ പിൻവലിക്കാനുള്ള മുഖ്യകാരണം അതാണ്.
ബിരേൻ സിംഗിനെ മാറ്റിയാൽ പിന്തുണയ്ക്കുന്ന കാര്യം എൻപിപി പരിഗണിക്കും’’-ജോയ്കുമാർ സിംഗ് പറഞ്ഞു. ഞായറാഴ്ചയാണ് പിന്തുണ പിൻവലിച്ചത്. തിങ്കളാഴ്ച മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ മൂന്ന് എൻപിപി എംഎൽഎമാർ പങ്കെടുത്തിരുന്നു.
ആശയക്കുഴപ്പം മൂലമാണ് എംഎൽഎമാർ എത്തിയതെന്നാണ് ജോയ്കുമാറിന്റെ വിശദീകരണം. എഴംഗങ്ങളുള്ള എൻപിപി പിന്തുണ പിൻവലിച്ചതു സർക്കാരിനെ ബാധിക്കില്ല. 60 അംഗ നിയമസഭയിൽ ബിജെപിക്ക് ഒറ്റയ്ക്ക് 32 പേരുടെ പിന്തുണയുണ്ട്.