വായു മലിനീകരണം; കൃത്രിമ മഴയ്ക്ക് അനുമതി തേടി ഡൽഹി സർക്കാർ
Wednesday, November 20, 2024 2:25 AM IST
ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ തുടരുന്ന സാഹചര്യത്തിൽ കൃത്രിമ മഴ പെയ്യിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ഡൽഹി സർക്കാർ കത്തയച്ചു.
വിഷയത്തിൽ ഇടപെടേണ്ടതു പ്രധാനമന്ത്രിയുടെ ധാർമിക ഉത്തരവാദിത്വമാണെന്നും അദ്ദേഹം അടിയന്തര യോഗം വിളിക്കണമെന്നും സംസ്ഥാന പരിസ്ഥിതി മന്ത്രി ഗോപാൽ റായ് കത്തിൽ ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാരിന്റെ ഇടപെടൽ തേടിയുള്ള ഡൽഹി സർക്കാരിന്റെ അഭ്യർഥനകളോടു കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൃത്രിമ മഴയെക്കുറിച്ച് ആലോചിക്കുന്നതിനായി യോഗം വിളിക്കാൻ പരിസ്ഥിതിമന്ത്രിയോട് പ്രധാനമന്ത്രി ആവശ്യപ്പെടണം.
കൃത്രിമ മഴ പെയ്യിക്കാൻ വിവിധ വകുപ്പുകളുടെ അനുമതിയും സഹകരണവും ആവശ്യമാണ്. ശാശ്വത പരിഹാരം കേന്ദ്രസർക്കാർ നിർദേശിക്കണമെന്നും ഗോപാൽ റായ് ആവശ്യപ്പെട്ടു.
ഡൽഹി ഇനിയും തലസ്ഥാനമായി തുടരണോയെന്നു ശശി തരൂർ
വായു മലിനീകരണം ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ വിമർശനവുമായി തിരുവനന്തപുരം എംപിയും കോണ്ഗ്രസ് നേതാവുമായ ശശി തരൂർ രംഗത്തുവന്നു. ഡൽഹി ഇനിയും തലസ്ഥാനമായി തുടരണോയെന്നാണു ശശി തരൂർ സമൂഹമാധ്യമമായ എക്സിൽ കുറിച്ചത്.
ഔദ്യോഗികമായി ലോകത്തിലെ ഏറ്റവും മലിനമായ നഗരമാണു ഡൽഹിയെന്നും നവംബർ മുതൽ ജനുവരി വരെ നഗരം വാസയോഗ്യമല്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
2015 മുതൽ എയർക്വാളിറ്റി റൗണ്ട് ടേബിൾ ആവിഷ്കരിച്ചെങ്കിലും കഴിഞ്ഞവർഷം പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്നും തരൂർ പറഞ്ഞു. നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും വായു ഗുണനിലവാരം ഗുരുതരാവസ്ഥയിൽത്തന്നെ തുടരുകയാണ് -അദ്ദേഹം ചൂണ്ടിക്കാട്ടി.