അഞ്ചു കോടിയുമായി ബിജെപി ജനറൽ സെക്രട്ടറി പിടിയിൽ
Wednesday, November 20, 2024 2:25 AM IST
മുംബൈ: മഹാരാഷ്ട്രയിലും തെരഞ്ഞെടുപ്പിൽ കുഴൽപ്പണം ആരോപണം നേരിട്ട് ബിജെപി. തെരഞ്ഞെടുപ്പിനു മണിക്കൂറുകൾക്കു മുൻപ് ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയെ അഞ്ചു കോടി രൂപയുമായി പ്രതിപക്ഷ പാർട്ടികൾ പിടികൂടി.
പാൽഘറിൽ താവ്ഡെ ജനങ്ങൾക്ക് വോട്ടിന് നോട്ട് വിതരണം ചെയ്തെന്ന് ബഹുജൻ വികാസ് അഘാഡി (ബിവിഎ) അധ്യക്ഷൻ ഹിതേന്ദ്ര ഠാക്കൂർ ആരോപിച്ചു. എന്നാൽ ബിജെപി ആരോപണം നിഷേധിച്ചു.
നലസോപാരയിൽ താൻ എത്തിയത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകാനാണെന്നു താവ്ഡെ പറഞ്ഞു. തന്റെ പ്രവർത്തനങ്ങൾ പരിശോധിക്കാൻ പ്രതിപക്ഷ പാർട്ടികളെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു.
പാൽഘർ ജില്ലയിലെ വിരാറിലെ ഹോട്ടലില്‍ ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകരാണ് ബിജെപി ദേശീയ നേതാവിനെ പിടികൂടിയത്. ഹോട്ടലില്‍ ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും ഏറ്റുമുട്ടി.
പണം നല്കാനുള്ളവരുടെ പേര് അടങ്ങുന്ന ഡയറിയും താവ്ഡെയില്‍നിന്ന് കണ്ടെത്തിയതായി പറയുന്നു. രണ്ട് ഡയറികള്‍ കണ്ടെത്തിയെന്ന് ബിവിഎ നേതാവ് താക്കൂര്‍ പറഞ്ഞു. പണവിതരണം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തത്തുടർന്നെത്തിയ ബിവിഎ പ്രവർത്തകർ ഹോട്ടലിലെത്തി താവ്ഡെയെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.