തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിനു തിരിച്ചടി
Thursday, November 21, 2024 2:32 AM IST
ന്യൂഡൽഹി: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് സുപ്രീംകോടതിയിൽനിന്നു തിരിച്ചടി. കേസിൽ ആന്റണി രാജു വിചാരണ നേരിടണമെന്നും തുടർനടപടികളുമായി മുന്നോട്ടു പോകാമെന്നും ജസ്റ്റീസുമാരായ സി.ടി. രവികുമാർ, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.
രണ്ടു പതിറ്റാണ്ട് മുന്പാണ് കുറ്റം നടന്നത് എന്ന വസ്തുത പരിഗണിച്ച് ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കാൻ കോടതി ഉത്തരവിട്ടു. അടുത്തമാസം 20ന് വിചാരണക്കോടതിയിൽ ഹാജരാകണമെന്നും സുപ്രീംകോടതി ആന്റണി രാജുവിനോട് ആവശ്യപ്പെട്ടു.
ആന്റണി രാജു അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന സമയത്ത് ലഹരിമരുന്ന് കേസിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവദോർ സർവലിയെ രക്ഷപ്പെടുത്താൻ തൊണ്ടിയായ അടിവസ്ത്രത്തിൽ കൃത്രിമം നടത്തിയെന്നാണു കേസ്.
കോടതി വിധിയുടെ പകർപ്പ് ലഭിച്ചിട്ടില്ല. പകർപ്പ് ലഭിച്ച ശേഷം ഇക്കാര്യത്തിൽ വിശദമായി പ്രതികരിക്കും. അപ്പീൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിധിപ്പകർപ്പ് ലഭിച്ചശേഷം തീരുമാനിക്കും. വിധിയിൽ ഒരു ഭയവുമില്ല, നിയമം നിയമത്തിന്റെ വഴിക്ക് പോകും.
-ആന്റണി രാജു