വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പ് വണക്കം ഇന്നുമുതൽ
Thursday, November 21, 2024 1:52 AM IST
പനാജി: വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പ് പരസ്യവണക്കം ഇന്ന് ഓൾഡ് ഗോവയിലെ സേ കത്തീഡ്രലിൽ ആരംഭിക്കും.
2025 ജനുവരി അഞ്ചിന് പരസ്യവണക്കം സമാപിക്കും. രണ്ടുവർഷത്തെ ആത്മീയ ഒരുക്കങ്ങൾക്കുശേഷമാണ് പരസ്യവണക്കം ആരംഭിക്കുന്നത്. പാരമ്പര്യമായി പത്തുവർഷത്തിൽ ഒരിക്കൽ മാത്രമാണ് വിശുദ്ധന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിനായി വയ്ക്കുന്നത്.
ഇന്നു രാവിലെ 9.30ന് ബോം ജീസസ് ബസിലിക്കയിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഡൽഹി ആർച്ച്ബിഷപ് ഡോ. അനിൽ ജോസഫ് തോമസ് കുട്ടോ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് തിരുശേഷിപ്പും വഹിച്ച് സേ കത്തീഡ്രലിലേക്ക് പ്രദക്ഷിണം നടക്കും. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമുതൽ ആറുവരെയായിരിക്കും പരസ്യവണക്കം.
നാളെമുതൽ ജനുവരി നാലുവരെ രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുവരെ പരസ്യവണക്കം ഉണ്ടായിരിക്കും. വിശുദ്ധന്റെ ഭൗതികദേഹം വണങ്ങുന്നതിനായി ഇതിനോടകംതന്നെ ഗോവയിൽ നൂറുകണക്കിന് തീർഥാടകർ എത്തിയിട്ടുണ്ട്.
ലോകമെങ്ങും നിന്നുള്ള തീർഥാടകരെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് ഗോവ സർക്കാർ സജ്ജമാക്കിയിട്ടുള്ളത്. തീർഥാടകരെ പനാജിയിൽനിന്ന് റിബാൻഡർ വഴി ഓൾഡ് ഗോവയിലേക്ക് എത്തിക്കാൻ പ്രത്യേക ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്.