അദാനിയെ സംരക്ഷിക്കുന്നത് മോദി: രാഹുൽ ഗാന്ധി
Friday, November 22, 2024 2:49 AM IST
സനു സിറിയക്
ന്യൂഡൽഹി: ഗൗതം അദാനിയുടെ അഴിമതിയിൽ നരേന്ദ്ര മോദിക്കു പങ്കുണ്ടെന്നും അമേരിക്കയിലെ കൈക്കൂലിക്കേസിൽ കുറ്റാരോപിതനായ അദാനിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
അദാനി എന്തു തെറ്റ് ചെയ്താലും അദ്ദേഹത്തെ ഒന്നും ചെയ്യില്ല. കാരണം, പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അദ്ദേഹത്തിന് പൂർണ സംരക്ഷണം നൽകുന്നത്. ഇന്ത്യൻ നിയമങ്ങളും അമേരിക്കൻ നിയമങ്ങളും അദാനി ലംഘിച്ചുവെന്നത് ഇപ്പോൾ വളരെ വ്യക്തമാണ്. എങ്കിലും എന്തുകൊണ്ടാണ് അദാനി ഈ രാജ്യത്തു സ്വതന്ത്രനായി നടക്കുന്നത്? കാരണം മറ്റൊന്നുമല്ല; പ്രധാനമന്ത്രിയുടെ സംരക്ഷണനിഴലിൽ നടക്കുന്ന അദാനിയെ അറസ്റ്റ് ചെയ്താൽ മോദിയും അകത്തുപോകുമെന്നും രാഹുൽ പറഞ്ഞു.
വിഷയത്തിൽ സംയുക്ത പാർലമെന്ററി അന്വേഷണം വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ വിശ്വാസ്യത പൂർണമായും നഷ്ടപ്പെട്ടുവെന്നും കോണ്ഗ്രസ് ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ പറഞ്ഞു.
കോണ്ഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അദാനി ഗ്രൂപ്പുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ, അത്തരം ഇടപാടുകളെക്കുറിച്ച് അന്വേഷണത്തിനു തയാറാണെന്ന് രാഹുൽ പറഞ്ഞു.
പക്ഷേ അന്വേഷണം ആരംഭിക്കേണ്ടത് അദാനിയിൽനിന്നാണ്. അദ്ദേഹത്തെയും അഴിമതിയുമായി ബന്ധപ്പെട്ടവരെയും അറസ്റ്റ് ചെയ്തു ചോദ്യംചെയ്യണം. ഒടുവിൽ മോദിയുടെ പേരും പുറത്തുവരും. കാരണം, ബിജെപിയുടെ ഫണ്ടിംഗ് മുഴുവനും അദാനിയിൽ ആശ്രയിച്ചിരിക്കുന്നു. അദാനിയും മോദിയും ഇന്ത്യയെ ഹൈജാക്ക് ചെയ്തുവെന്നും രാഹുൽ ആരോപിച്ചു.
അദാനിക്കെതിരേ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട രാഹുൽ, സെബി മാധബി പുരി ബുച്ചിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു. അദാനി ഗ്രൂപ്പിന്റെ ഓഹരിവില ഇടിയാതെ സംരക്ഷിക്കുന്നത് ബുച്ചാണെന്നും രാഹുൽ ആരോപിച്ചു.
മോദി അദാനിക്കു സംരക്ഷണം നൽകുന്നതിനാൽ ഇന്ത്യയിൽ അദാനിയെ അറസ്റ്റ് ചെയ്യുകയോ അദ്ദേഹത്തിനെതിരേ അന്വേഷണം നടത്തുകയോ ചെയ്യില്ലെന്ന് ഉറപ്പാണ്. പ്രധാനമന്ത്രിയും അദാനിയും ഒരുമിച്ചിരിക്കുന്നിടത്തോളം കാലം അവർ സുരക്ഷിതരാണ്.
ഇന്ത്യയിൽ ആർക്കും അവരെ തൊടാൻ കഴിയില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി. കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവരുമെന്നും രാഹുൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.