വിക്രം ഗൗഡയെ ഏറ്റുമുട്ടലിൽ വധിച്ചതിനെ ന്യായീകരിച്ച് സിദ്ധരാമയ്യ
Thursday, November 21, 2024 1:52 AM IST
ബംഗളൂരു: മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡയെ ഏറ്റുമുട്ടലിൽ വധിച്ചതിനെ ന്യായീകരിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഗൗഡയ്ക്കെതിരേ നിരവധി കേസുകളുണ്ടായിരുന്നുവെന്നും ആയുധം വച്ച് കീഴടങ്ങാൻ സർക്കാർ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
വിക്രം ഗൗഡ വധിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യം ആഭ്യന്തര മന്ത്രി ജി. പരമേശ്വര തള്ളി.
“ആന്റി നക്സൽ ഫോഴ്സ് (എഎൻഎഫ്) ഗൗഡയെ വെടിവയ്ക്കുകയായിരുന്നില്ല. അയാൾ എഎൻഎഫ് സംഘത്തിനു നേർക്ക് വെടിവയ്ക്കുകയായിരുന്നു.
മാവോയിസ്റ്റുകൾ കീഴടങ്ങുകയാണെങ്കിൽ അവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കും. ഗൗഡ കീഴടങ്ങാൻ തയാറല്ലായിരുന്നു.
കേരള സർക്കാർ ഗൗഡയുടെ തലയ്ക്ക് 25 ലക്ഷം രൂപ വിലയിട്ടിരുന്നു; കർണാടക സർക്കാർ അഞ്ചു ലക്ഷം രൂപയും”- പരമേശ്വര പറഞ്ഞു. ഉഡുപ്പി ജില്ലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഗൗഡ (46) കൊല്ലപ്പെട്ടത്.