വിവാഹാഭ്യർഥന നിരസിച്ച അധ്യാപികയെ ക്ലാസിൽ കയറി കുത്തിക്കൊന്നു
Thursday, November 21, 2024 2:32 AM IST
തഞ്ചാവൂർ: വിവാഹാഭ്യർഥന നിരസിച്ചതിന് യുവാവ് അധ്യാപികയെ ക്ലാസിൽ കയറി കുത്തിക്കൊലപ്പെടുത്തി.
തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിൽപ്പെട്ട മല്ലിപ്പട്ടണം ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയും ഇവിടെയടുത്ത ചിന്നമണൈ സ്വദേശിനിയുമായ രമണി(26)യാണു കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ചിന്നമണൈ സ്വദേശി മഥനെ (30) പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ സ്റ്റാഫ് റൂമിനു പുറത്തായിരുന്നു സംഭവം.
സ്റ്റാഫ് റൂമിൽനിന്ന് രമണി പുറത്തുവരുന്നതിനിടെ അവിടേക്കു ചെന്ന അക്രമി രമണിയെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാലുമാസം മുമ്പാണ് യുവതി സ്കൂളിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചത്. ഈ നാലു മാസത്തിനിടെ നിരവധി തവണ മഥൻ രമണിയോടു പ്രണയാഭ്യർഥന നടത്തിയിരുന്നു. കൂട്ടുകാർക്കൊപ്പമെത്തി ഇവരെ ശല്യം ചെയ്യുന്നതും പതിവായിരുന്നു.
ഏതാനും ദിവസം മുന്പ് മഥന്റെ കുടുംബം രമണിയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഈ ആലോചനയും ഇവർ നിരസിച്ചതിലുള്ള വൈരാഗ്യമാണു കൊലപാതകത്തിൽ കലാശിച്ചത്.
കൊലപാതകത്തെ അപലപിച്ച തമിഴ്നാട് വിദ്യാഭ്യാസമന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴി, അധ്യാപകർക്കെതിരായ അതിക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും പ്രതിക്കെതിരേ ശക്തമായ ടപടിയുണ്ടാകുമെന്നും വ്യക്തമാക്കി.