അനധികൃത വൃക്ക മാറ്റിവയ്ക്കൽ ; ഡോക്ടർക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതി
Thursday, November 21, 2024 1:52 AM IST
ന്യൂഡൽഹി: അന്താരാഷ്ട്ര റാക്കറ്റിന്റെ ഭാഗമായി അനധികൃത വൃക്ക മാറ്റിവയ്ക്കൽ നടത്തിയ കേസിൽ ജയ്പുർ സ്വദേശിയായ ഡോക്ടർക്ക് മുൻകൂർ ജാമ്യം നിഷേധിച്ച് സുപ്രീംകോടതി.
സമഗ്രമായ അന്വേഷണം നടത്താതെ ഇത്തരം വിഷയത്തിൽ മുൻകൂർ ജാമ്യം അനുവദിക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടി ജസ്റ്റീസുമാരായ സി.ടി. രവികുമാർ, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണു നടപടി.
ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 438 പ്രകാരം രാജസ്ഥാൻ ഹൈക്കോടതി പ്രതിയുടെ മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. ഇത്തരം ഗൗരവമേറിയ വിഷയത്തിൽ മുൻകൂർ ജാമ്യത്തിന്റെ ചോദ്യമില്ലെന്ന് ജസ്റ്റീസ് സി.ടി. രവികുമാർ വ്യക്തമാക്കി.
എല്ലാ നടപടികളും പൂർത്തിയാക്കി ആവശ്യമായ സമ്മതത്തോടെയാണു അവയവം മാറ്റിവയ്ക്കൽ നടത്തിയതെന്ന് പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ ഒന്നിലധികം രോഗികളുടെ വൃക്ക അവരറിയാതെ നീക്കം ചെയ്തുവെന്ന ആരോപണം ഗൗരവമേറിയതാണെന്നും അതിനാൽ അന്വേഷണം ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.
നേരത്തേ ഹൈക്കോടതി കേസ് പരിഗണിച്ചപ്പോൾ പ്രതിക്ക് സംശയാസ്പദമായ സാന്പത്തിക ഇടപാടുകളും അവയവം മാറ്റിവയ്ക്കൽ മേഖലയിൽ പ്രവർത്തിക്കുന്ന ബ്രോക്കർമാരുമായി ബന്ധമുണ്ടെന്നും നിരീക്ഷിച്ചിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് സുപ്രീംകോടതി മുൻകൂർ ജാമ്യം നിഷേധിച്ചത്.