മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡയെ ഏറ്റുമുട്ടലിൽ വധിച്ചു
Wednesday, November 20, 2024 2:25 AM IST
ഉഡുപ്പി: കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളുടെ ചുമതലയുണ്ടായിരുന്ന നേതാവ് വിക്രം ഗൗഡ കര്‍ണാടകയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
ഉഡുപ്പി ജില്ലയില്‍ കാര്‍ക്കളയ്ക്കു സമീപം ഹെബ്രി വനമേഖലയോടടുത്തുള്ള കബിനാൽ എന്ന സ്ഥലത്തുവച്ചാണ് ഏറ്റുമുട്ടലുണ്ടായത്. ഏതാനും നാളുകളായി ഈ മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി പോലീസിന്നു വിവരം ലഭിച്ചിരുന്നു. മാവോയിസ്റ്റ് സംഘം ഗ്രാമത്തിലെത്തി അവശ്യസാധനങ്ങള്‍ വാങ്ങിയിരുന്നതായും അറിവായിരുന്നു.
കഴിഞ്ഞ ദിവസം അഞ്ചംഗ മാവോയിസ്റ്റ് സംഘം കബിനാലിലെത്തിയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കര്‍ണാടക പോലീസിന്റെ ആന്റി നക്സല്‍ ഫോഴ്സ് സ്ഥലം വളയുകയായിരുന്നു. വിക്രം ഗൗഡ വെടിയേറ്റു വീണയുടന്‍ മറ്റുള്ളവര്‍ വനമേഖലയിലേക്ക് ഓടി രക്ഷപ്പെട്ടു. ലത, ജയണ്ണ, വനജാക്ഷി എന്നിവരാണ് ഒപ്പമുണ്ടായിരുന്ന മൂന്നുപേരെന്നു പോലീസ് പറയുന്നു.
ഇവര്‍ക്കു വേണ്ടി വനത്തിലും ചുറ്റുമുള്ള പ്രദേശങ്ങളിലും തെരച്ചില്‍ തുടരുകയാണ്. മാവോയിസ്റ്റുകളുടെ ദക്ഷിണേന്ത്യയിലെ മിലിറ്ററി ഓപ്പറേഷന്‍സ് മേധാവിയായി അറിയപ്പെട്ടിരുന്ന വിക്രം ഗൗഡ കേരളത്തിലെ കബനി, നാടുകാണി ദളങ്ങളുടെയും കർണാടകയിലെ നേത്രാവതി ദളത്തിന്റെയും ചുമതല വഹിച്ചിരുന്നു. ഹെബ്രി താലൂക്കിലെ കുഡ്ളു ഗ്രാമമാണ് സ്വദേശം.
2016 ൽ നിലമ്പൂര്‍ കരുളായി വനത്തില്‍ കേരള പോലീസുമായി നടന്ന ഏറ്റുമുട്ടലില്‍നിന്നു രക്ഷപ്പെട്ടിരുന്നു. കേരളത്തിൽനിന്നു രണ്ടുമാസം മുമ്പാണ് ഇവർ ഉഡുപ്പി-ചിക്കമംഗളൂരു മേഖലയിലെത്തിയതെന്നു കർണാടക പോലീസ് പറയുന്നു.