യുപിയിൽ ദളിത് യുവതിയെ നഗ്നയാക്കി കൊന്നു തള്ളി
Thursday, November 21, 2024 2:32 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഉത്തർപ്രദേശിൽ ഇന്നലെ ഉപതെരഞ്ഞെടുപ്പ് നടന്ന മെയിൻപുരിയിലെ കർഹാലിൽ 23കാരിയായ ദളിത് യുവതിയെ നഗ്നയാക്കി തല്ലിക്കൊന്ന് മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ചു.
കർഹാലിലെ കഞ്ചാര നദിയിലെ ഒരു പാലത്തിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ക്രൂരമായി മാനഭംഗപ്പെടുത്തിയശേഷമാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് കുടുംബം ആരോപിച്ചു.
ദളിത് യുവതിയുടെ കൊലപാതകത്തിനു പിന്നിൽ രാഷ്ട്രീയലക്ഷ്യങ്ങളുണ്ടെന്ന് ആരോപിച്ച് ബിജെപിയും സമാജ്വാദി പാർട്ടിയും ആരോപണ- പ്രത്യാരോപണങ്ങൾ ശക്തമാക്കിയതോടെ സംഭവം യുപിയിൽ വൻ രാഷ്ട്രീയ കൊടുങ്കാറ്റായി.
ബിജെപിക്ക് വോട്ട് ചെയ്യുന്നതിനു താത്പര്യം പ്രകടിപ്പിച്ചതിനാണ് സമാജ്വാദി പാർട്ടിക്കാർ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് ബിജെപി ആരോപിച്ചു. എന്നാൽ, യുവതിയുടെ കൊലപാതകത്തിൽ രാഷ്ട്രീയമില്ലെന്നും പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്നും എസ്പി നേതാക്കൾ പറഞ്ഞു.യുവതിയുടെ കൊലപാതകത്തിൽ പ്രശാന്ത് യാദവ് എന്നയാളും മറ്റൊരാളും അറസ്റ്റിലായതായി യുപി പോലീസ് അറിയിച്ചു.
പ്രശാന്താണു കൊലപാതകത്തിനു പിന്നിലെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. കൊല്ലപ്പെടുന്നതിനുമുന്പ് യുവതി ബലാത്സംഗത്തിന് ഇരയായെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ഇതിന്റെ അടിസ്ഥാനത്തിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
പ്രശാന്തും കൂട്ടുകാരനും ചൊവ്വാഴ്ച യുവതിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയതായി ദൃക്സാക്ഷികൾ പറഞ്ഞുവെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ച രാത്രി കർഹാലിൽനിന്നു കാണാതായ യുവതിയുടെ മൃതദേഹമാണു ഇന്നലെ ചാക്കിൽ കെട്ടിയനിലയിൽ കണ്ടെത്തിയതെന്ന് മുതിർന്ന പോലീസ് ഓഫീസർ വിനോദ് കുമാർ അറിയിച്ചു.
ലോക്സഭയിലേക്കു ജയിച്ച സമാജ്വാദി പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് നിയമസഭാംഗത്വം രാജിവച്ചതിനെത്തുടർന്നാണ് കർഹാലിൽ ഇന്നലെ ഉപതെരഞ്ഞെടുപ്പ് നടന്നത്.
അഖിലേഷിന്റെ ലോക്സഭാ മണ്ഡലമായ മെയിൻപുരിയിൽ ഉൾപ്പെട്ടതാണ് ഈ നിയമസഭാ മണ്ഡലം. 1993 മുതൽ സമാജ്വാദി പാർട്ടിയുടെ ശക്തികേന്ദ്രമായ മണ്ഡലത്തിൽ അഖിലേഷിന്റെ അനന്തരവൻ തേജ് പ്രതാപ് യാദവാണ് ഇത്തവണ എസ്പി സ്ഥാനാർഥി.
തേജ് പ്രതാപ് യാദവിന്റെ അമ്മാവനായ അനുജേഷ് യാദവാണു ബിജെപി സ്ഥാനാർഥി. അതിനാൽത്തന്നെ ബിജെപിയും എസ്പിയും തമ്മിൽ ശക്തമായ മത്സരമാണ് ഇവിടെ നടന്നത്.
കർഹാൽ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യാനുള്ള ആഗ്രഹം യുവതി പ്രകടിപ്പിച്ചതാണ് എസ്പിയുടെ പ്രാദേശിക പ്രവർത്തകനായ പ്രശാന്തിനെ പ്രകോപിപ്പിച്ചതെന്ന് ബിജെപിയും ഇരയുടെ ചില ബന്ധുക്കളും അവകാശപ്പെട്ടു.
സമാജ്വാദി പാർട്ടിക്ക് വോട്ട് ചെയ്തില്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് രണ്ടു ദിവസം മുന്പ് യുവതിയുടെ വീട്ടിലെത്തി പ്രശാന്ത് ഭീഷണിപ്പെടുത്തിയെന്നും ഇവർ പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിപ്രകാരം വീടു ലഭിച്ചതിനാൽ താമരയ്ക്ക് വോട്ട് ചെയ്യുമെന്ന് യുവതി മറുപടി നൽകിയതാണ് പ്രശാന്തിനെ പ്രകോപിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്ര സിംഗ് ചൗധരി എക്സിലെ കുറിപ്പിൽ ആരോപിച്ചു.