വോട്ട് ചെയ്യുന്നതു തടഞ്ഞു; യുപിയിൽ പോലീസുകാർക്കു സസ്പെൻഷൻ
Thursday, November 21, 2024 2:32 AM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് മാർഗരേഖ ലംഘിച്ചതിന് ഉത്തർപ്രദേശിൽ ഏഴു പോലീസുകാരെ തെരഞ്ഞടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രകാരം സസ്പെൻഡ് ചെയ്തു.
ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിനിടെ വോട്ടർമാരുടെ തിരിച്ചറിയൽ രേഖ പരിശോധിച്ച് അവരെ വോട്ട് ചെയ്യുന്നതിൽനിന്നു തടഞ്ഞുവെന്ന സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ പരാതിപ്രകാരമാണു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
അന്യായമായി വോട്ടർമാരെ തടഞ്ഞ് തെരഞ്ഞെടുപ്പ് തടസപ്പെടുത്തിയതിന് ചില പോലീസ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ചുമതലകളിൽനിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.
പോലീസ് ഉദ്യോഗസ്ഥർ ചില സമുദായങ്ങളിലെ വോട്ടർമാരെ വോട്ട് ചെയ്യുന്നതിൽനിന്നു തടയുന്നുവെന്ന് സമാജ്വാദി പാർട്ടി സമൂഹമാധ്യമങ്ങളിൽ ആരോപണമുന്നയിച്ചതിനു പിന്നാലെയാണ് യുപി പോലീസ് വോട്ടർമാരുടെ ഐഡി പരിശോധിക്കുന്ന വീഡിയോ അഖിലേഷ് യാദവ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു പരാതി ഉന്നയിച്ചത്.
വോട്ടർ കാർഡും ആധാർ കാർഡും പരിശോധിക്കാൻ പോലീസിന് അധികാരമില്ലെന്നും ഇത് തെരഞ്ഞെടുപ്പ് മാർഖരേഖയ്ക്കു വിരുദ്ധമാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.
പരാതിക്കു പിന്നാലെ തെരഞ്ഞെടുപ്പ് മാർഗരേഖ ലംഘിച്ച ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകുകയായിരുന്നു.
വോട്ട് ചെയ്യുന്നതിൽനിന്നു തടയാൻ ആരേയും അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥരുടെ പക്ഷപാതപരമായ സമീപനങ്ങൾക്കെതിരേ കടുത്ത നടപടിയെടുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.