മഹാരാഷ്ട്രയിൽ ഇന്നു വിധിയെഴുത്ത്
Wednesday, November 20, 2024 2:25 AM IST
മുംബൈ/റാഞ്ചി: ഇന്ത്യയിൽ ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്ര ഇന്നു വിധിയെഴുതും. 288 മണ്ഡലങ്ങളാണു സംസ്ഥാനത്തുള്ളത്.
ബിജെപി, ശിവസേന(ഷിൻഡെ), എൻസിപി(അജിത് പവാർ) പാർട്ടികൾ ഉൾപ്പെടുന്ന മഹായുതി സഖ്യവും കോൺഗ്രസ്, ശിവസേന(ഉദ്ധവ്), എൻസിപി(ശരദ് പവാർ) പാർട്ടികളുടെ മഹാ വികാസ് അഘാഡിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണു നടക്കുന്നത്. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണു പോളിംഗ്. ശനിയാഴ്ച വോട്ടെണ്ണും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അമിത് ഷാ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങിയ പ്രമുഖർ മഹാരാഷ്ട്രയിൽ പ്രചാരണത്തിനെത്തിയിരുന്നു. ബിജെപി 149 സീറ്റിൽ മത്സരിക്കുന്നു.
ഷിൻഡെപക്ഷം 81ലും അജിത് പക്ഷം 59 സീറ്റിലുമാണു മത്സരിക്കുന്നത്. മഹാ വികാസ് അഘാഡിയിൽ കോൺഗ്രസ് 101 സീറ്റിൽ മത്സരിക്കുന്നു. ശിവസേന(ഉദ്ധവ്) 95 സീറ്റിലും ശരദ്പവാർ പക്ഷ എൻസിപി 86 സീറ്റിലും ജനവിധി തേടുന്നു. പ്രകാശ് അംബേദ്കർ നേതൃത്വം നല്കുന്ന വഞ്ചിത് ബഹുജൻ അഘാഡി, അസദുദീൻ ഒവൈസിയുടെ എഐഎംഐഎം, സമാജ്വാദി പാർട്ടി, സിപിഎം തുടങ്ങിയ ചെറുപാർട്ടികളും മത്സരരംഗത്തുണ്ട്.
2019നെ അപേക്ഷിച്ച് സ്ഥാനാർഥികളുടെ എണ്ണത്തിൽ 28 ശതമാനം വർധനയുണ്ട്. ആറു പ്രമുഖ പാർട്ടികളിലെ വിമതർ 150 മണ്ഡലങ്ങളിൽ മത്സരിക്കുന്നു.
ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഇന്നു നടക്കും. 38 മണ്ഡലങ്ങളിലാണ് ഇന്നു വിധിയെഴുത്ത്. ഈ മാസം 13ന് ഒന്നാം ഘട്ടത്തിൽ 43 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്നിരുന്നു. 81 മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇന്നു വോട്ടെടുപ്പ് നടക്കുന്നവയിലേറെയും ജനറൽ മണ്ഡലങ്ങളാണ്.