മണിപ്പുരിൽ സംഘർഷത്തിന് അയവില്ല; ആസാം അതിർത്തി അടച്ചു
Wednesday, November 20, 2024 2:25 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: കൂടുതൽ കേന്ദ്രസേന എത്തിയെങ്കിലും മണിപ്പുരിൽ സംഘർഷത്തിന് അയവില്ല. മെയ്തെയ്, കുക്കി വിഭാഗങ്ങൾ പരസ്പരം പോരും വെല്ലുവിളിയും പ്രതിഷേധവും തുടരുന്പോഴും മുഖ്യമന്ത്രി ബിരേൻ സിംഗിനെ മാറ്റാനാകാതെ കേന്ദ്രസർക്കാർ നിസംഗത പാലിക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
ഇംഫാലിലും ജിരിബാമിലും അടക്കം സംഘർഷബാധിത പ്രദേശങ്ങളിൽ കർഫ്യൂ, ഇന്റർനെറ്റ് നിരോധനം, സ്കൂൾ കോളജുകൾ പൂട്ടൽ എന്നിവ ഇന്നലെയും തുടർന്നു.
ഇതിനിടെ, മണിപ്പുരുമായുള്ള അതിർത്തി ആസാം അടച്ചു. അതിർത്തി ജില്ലയായ മണിപ്പുരിലെ ജിരിബാമിൽ അക്രമം രൂക്ഷമായതോടെ തീവ്രവാദികൾ കടന്നുകയറാൻ ശ്രമിക്കുന്നതിനെത്തുടർന്നാണു നടപടിയെന്ന് പറയുന്നു.
കർഫ്യൂ ലംഘിച്ച് ഇംഫാൽ വെസ്റ്റ് ജില്ലയിൽ മെയ്തെയ് സംഘടനകൾ ഇന്നലെ പ്രകടനം നടത്തി. പ്രത്യേക സൈനികാധികാര നിയമമായ അഫ്സ്പ പുനഃസ്ഥാപിക്കുന്നതിനെതിരേയും കുക്കികൾക്കെതിരേ നടപടി ആവശ്യപ്പെട്ടുമായിരുന്നു പ്രകടനം. കർഫ്യൂ ലംഘിച്ച് ജിരിബാമിലെ ബാബുപര മേഖലയിൽ കടകൾക്കു നേരേ കല്ലേറു നടത്തിയ ജനക്കൂട്ടവും സുരക്ഷാസേനയും തമ്മിലും ഇന്നലെ ഏറ്റുമുട്ടലുണ്ടായി.
കുക്കി ആധിപത്യമുള്ള മലയോര മേഖലകളിൽ കുക്കി സ്ത്രീകളടക്കം ശവപ്പെട്ടി റാലി നടത്തി പ്രതിഷേധിച്ചു. ജിരിബാമിൽ സിആർപിഎഫുകാർ വെടിവച്ചു കൊന്ന ഗ്രാമസംരക്ഷണ പ്രവർത്തകരായ പത്തു പേരുടെയും ചിത്രങ്ങളുള്ള ഡമ്മി ശവപ്പെട്ടികളുമായാണു ചുരാചന്ദ്പുരിലടക്കം നൂറുകണക്കിനാളുകൾ മാർച്ച് നടത്തിയത്.
അതിനിടെ, സ്ത്രീകളും കുട്ടികളുമടക്കം എട്ടുപേരെ തട്ടിക്കൊണ്ടുപോയി പുഴയിലെറിഞ്ഞു കൊന്ന സംഭവത്തിന്റെ പേരിൽ കുക്കികൾക്കെതിരേ കർശന നടപടി വേണമെന്നാവശ്യപ്പെട്ട് മെയ്തെയ് എംഎൽഎമാർ രംഗത്തെത്തി.
മുഖ്യമന്ത്രി ബിരേൻ സിംഗ് വിളിച്ച എൻഡിഎ എംഎൽഎമാരുടെ യോഗം പാസാക്കിയ പ്രമേയങ്ങൾ തള്ളുകയാണെന്നും കുക്കി വിമത ഗ്രൂപ്പുകൾക്കെതിരേ കർക്കശ നടപടികൾ വേണമെന്നും മെയ്തെയ് സാമൂഹ്യസംഘടനയായ കോ-ഓർഡിനേറ്റിംഗ് കമ്മിറ്റി ഓണ്‍ മണിപ്പുർ ഇന്റഗ്രിറ്റിയുടെ ഏകോപനസമിതി വക്താവ് ഖുറൈജാം അതൗബ പറഞ്ഞു. സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ മണിപ്പുരിലെ എല്ലാ സർക്കാർ ഓഫീസുകളും അടച്ചുപൂട്ടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി.
എന്നാൽ, കുക്കി സ്ത്രീയെ കൂട്ടമാനഭംഗം ചെയ്തു ചുട്ടുകൊന്ന അരംബായി തെങ്കോൾ അടക്കമുള്ള തീവ്ര മെയ്തെയ് സായുധ ഗ്രൂപ്പുകൾക്കെതിരേ കർശന നടപടിയുണ്ടാകണമെന്ന് കുക്കികളും ആവശ്യപ്പെട്ടു.
ക്രമസമാധാനം പാലിക്കുന്നതിലും ജനങ്ങളുടെ സുരക്ഷയും സമാധാനവും പരിപാലിക്കുന്നതിലും പൂർണമായി പരാജയപ്പെട്ട ബിരേൻ സിംഗിനെ മാറ്റാതെ മണിപ്പുരിൽ സമാധാനം ഉണ്ടാകില്ലെന്നു കുക്കികൾ വ്യക്തമാക്കി. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയും മലയോരമേഖലകൾക്ക് പ്രത്യേക സ്വയംഭരണാധികാരവും കൂടിയേ തീരൂവെന്നാണ് കുക്കികളുടെ നിലപാട്.
കഴിഞ്ഞ ഏഴിനുശേഷം മാത്രം ജിരിബാമിൽ മെയ്തെയ്, കുക്കി വിഭാഗങ്ങളിലെ 20 പേർ കൊല്ലപ്പെട്ടതായാണു റിപ്പോർട്ടുകൾ.
മുഖ്യമന്ത്രിയുടെ യോഗത്തിൽനിന്ന് 11 എംഎൽഎമാർ വിട്ടുനിന്നു
കലാപം രൂക്ഷമായി തുടരുന്നതിനിടെ എന്‍. ബിരേന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ മന്ത്രിസഭയും ആടിയുലയുന്നു. കലാപം നിയന്ത്രിക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന ആരോപണം നേരിടുന്ന മുഖ്യമന്ത്രി കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്ത ഭരണകക്ഷി എംഎല്‍എമാരുടെ യോഗത്തില്‍നിന്ന് 11 പേര് വിട്ടുനിന്നു.
ആരോഗ്യപ്രശ്നങ്ങള്‍ മൂലം പങ്കെടുക്കാനാകില്ലെന്ന് ഏഴുപേര്‍ ഫോണിലൂടെ അറിയിച്ചുവെന്നാണ് വിശദീകരണം. അവശേഷിച്ചവര്‍ ഒരുതരത്തിലുള്ള പ്രതികരണവും നല്‍കിയിട്ടില്ല. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനത്തില്‍ എംഎല്‍എമാരിലും കടുത്ത അതൃപ്തി വളരുകയാണെന്നാണു സൂചന.
മുഖ്യമന്ത്രിക്കുപുറമേ എന്‍ഡിഎയില്‍നിന്നുള്ള 26 അംഗങ്ങളാണു യോഗത്തില്‍ പങ്കെടുത്തത്. ഇതില്‍ നാലുപേര്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) അംഗങ്ങളാണ്.