ആഞ്ഞടിച്ച് പ്രതിപക്ഷം
Friday, November 22, 2024 2:49 AM IST
ന്യൂഡൽഹി: അഴിമതിക്കേസിൽ അമേരിക്കയിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ഗൗതം അദാനിക്കും ബിജെപിക്കുമെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷം.
ഇന്ത്യയിലെ ഒരു ഉന്നത വ്യവസായിക്കുമേൽ ഒരു വിദേശരാജ്യം കുറ്റം ചുമത്തുന്പോൾ അതു രാജ്യത്തിന്റെ പ്രതിച്ഛായതന്നെയാണ് തകർക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അഭിപ്രായപ്പെട്ടു.
മോദി സർക്കാർ കുത്തകമുതലാളിമാരെ സഹായിക്കുന്ന നയമാണു സ്വീകരിച്ചിരിക്കുന്നതെന്നും കോണ്‍ഗ്രസ് ഇത്തരം അധാർമിക വ്യവസായ തന്ത്രങ്ങളെ തുടർച്ചയായി എതിർത്തിരുന്നുവെന്നും ഖാർഗെ പറഞ്ഞു.
വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം വേണമെന്നും ഖാർഗെ ആവശ്യപ്പെട്ടു. വിഷയം കേന്ദ്രസർക്കാർ ഗൗരവതരമായെടുത്ത് അന്വേഷണം പ്രഖ്യാപിക്കണമെന്ന് നാഷണൽ കോണ്‍ഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു.
അഴിമതിക്കേസുകൾക്കെതിരേ സിബിഐ അന്വേഷണം വേണമെന്ന് സിപിഎം ആവശ്യപ്പെട്ടു. നരേന്ദ്ര മോദി സർക്കാരിന് പുകമറയ്ക്കു പിന്നിൽ എപ്പോഴും ഒളിച്ചിരിക്കാൻ കഴിയില്ല. ഇന്ത്യയിലെ സർക്കാർ ഉദ്യോഗസ്ഥരുടെ വൻകിട അഴിമതി അമേരിക്കയിൽ പുറത്തുവന്നത് അപമാനകരമാണ്.
സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന കൈക്കൂലിക്കേസുകൾ അഴിമതി നിരോധന നിയമപ്രകാരം സിബിഐയാണ് അന്വേഷിക്കേണ്ടതെന്നും സിപിഎം പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.