മലിനീകരണം: ഡൽഹിയിൽ സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം
Thursday, November 21, 2024 2:32 AM IST
ന്യൂഡൽഹി: വായുമാലിന്യം അതിരൂക്ഷമായി തുടരുന്നതിനിടെ സർക്കാർ ജീവനക്കാർക്ക് ആശ്വാസ വാർത്തയുമായി ഡൽഹി സർക്കാർ.
മലിനീകരണം കുറയ്ക്കുന്നതിനായി സംസ്ഥാനത്തെ 50 ശതമാനം സർക്കാർ ജീവനക്കാരും വീട്ടിലിരുന്നു ജോലി ചെയ്യണമെന്ന് ആം ആദ്മി പാർട്ടി സർക്കാർ ഉത്തരവിട്ടു. രാജ്യതലസ്ഥാനത്തെ വായുനിലവാര സൂചിക (എക്യുഐ) “അപകടാവസ്ഥ’’യിൽ തുടരുന്നതിനാലാണ് സർക്കാരിന്റെ നടപടി.
സംസ്ഥാന സർക്കാരിനും മുനിസിപ്പൽ കോർപറേഷനിലും കീഴിലുള്ള ഓഫീസുകളിലാണ് പുതിയ ഉത്തരവ് നടപ്പിലാക്കുകയെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായി പറഞ്ഞു. അനിവാര്യവും അടിയന്തരവുമായ പൊതുമേഖലാസ്ഥാപനങ്ങളെ ഉത്തരവിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അന്തരീക്ഷ മാലിന്യം കണക്കിലെടുത്ത് സർവകലാശാലകളും കോളജുകളും ഓണ്‍ലൈൻ ക്ലാസുകളിലേക്ക് മാറിയതിനു പിന്നാലെയാണ് സർക്കാർ ഓഫീസുകളിലും പുതിയ നിയന്ത്രണം. സർക്കാർ ഓഫീസുകളുടെ പ്രവർത്തനസമയങ്ങളിലും സർക്കാർ മാറ്റം വരുത്തിയിരുന്നു.
നിലവിൽ ഡൽഹിയിലെ പല ഭാഗങ്ങളിലും എക്യുഐ 400നു മുകളിൽ തുടരുകയാണ്.വായുമാലിന്യം കുറയ്ക്കാനായി കൃത്രിമമഴയ്ക്ക് അനുമതി തേടി കേന്ദ്രത്തിന് സംസ്ഥാന സർക്കാർ കത്തയച്ചിരുന്നെങ്കിലും അനുകൂല പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ല.