ജിരിബാം ഏറ്റുമുട്ടല്‍ രക്തസാക്ഷിത്വമെന്ന് കുക്കി എംഎല്‍എ ലാലിയന്‍ മാംഗ് ഖൗട്ടെ
Wednesday, November 20, 2024 2:25 AM IST
ഇംഫാല്‍: ജിരിബാമില്‍ സിആര്‍പിഎഫുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പത്ത് കുക്കി ഹമര്‍ വിഭാഗക്കാരെക്കുറിച്ചുള്ള മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കൂടിയായ എംഎല്‍എയുടെ പരാമര്‍ശം വ്യാപക ചര്‍ച്ചയാകുന്നു.
കഴിഞ്ഞ 11 നു ജിരിബാമിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവര്‍ രക്തസാക്ഷികളാണെന്നു ചുരാചന്ദ്പുര്‍ എംഎല്‍എയായ ലാലിയന്‍ മാംഗ് ഖൗട്ടെയാണ് പരസ്യമായി പ്രഖ്യാപിച്ചത്.
1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഖൗട്ടെ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജ ലികള്‍ അര്‍പ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ്ചെയ്തിട്ടുമുണ്ട്.
ജിരിബാമിലെ ബോറോബക്രയില് സിആര്‍പിഎഫ് ക്യാമ്പിനുനേരേ ആക്രമണം നടത്തിയതിനെ പ്രതിരോധിക്കുന്നതിനുള്ള വെടിവയ്പിലാണു പത്തുപേരും കൊല്ലപ്പെട്ടതെന്നു പോലീസ് പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചിരുന്നു.
പോലീസ് ക്യാന്പും സിആർപിഎഫ് ക്യാന്പും സമീപത്തുള്ള ദുരിതാശ്വാസകേന്ദ്രവും ആക്രമിക്കാനെത്തിയ സംഘത്തിൽനിന്ന് പിടിച്ചെടുത്ത ഗ്രനേഡുകളുടെയും റൈഫിളുകളുടെയും വീഡിയോകളും പോലീസ് പുറത്തുവിട്ടിരുന്നു.
അന്നുതന്നെയാണ് മെയ്തെയ് വിഭാഗക്കാരായ ആറംഗ കുടുംബത്തെ മറ്റൊരു സംഘം തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയത്. ഒരു പിഞ്ചുകുഞ്ഞും രണ്ടുവയസുള്ള ആണ്‍കുട്ടിയും എട്ടുവയസുകാരി പെണ്‍കുട്ടിയും ഉള്‍പ്പെടെ കുടുംബത്തെ പിന്നീട് കൊലപ്പെടുത്തി മൃതദേഹങ്ങള്‍ നദിയില്‍ എറിയുകയായിരുന്നു.
ഇതുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് കുക്കികൾക്കെതിരേ ശക്തമായ നടപടി വേണമെന്ന് മെയ്തകൾ വാദിക്കുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സേനയെ വിന്യസിച്ചുവെങ്കിലും ഫലപ്രാപ്തിയിലെത്തിയിട്ടില്ല.
അതിനിടെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ മണിപ്പുരുമായുള്ള അതിര്‍ത്തി ആസാം അടച്ചു. അതിര്‍ത്തിയില്‍ കമാന്‍ഡോകളെയും വിന്യസിച്ചു. സായുധസംഘങ്ങള്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി ആസാം പോലീസ് പറഞ്ഞു.