നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം
Wednesday, November 20, 2024 2:25 AM IST
ന്യൂഡൽഹി: യുവനടിയുടെ പീഡനപരാതിയിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഫേസ്ബുക്കിലൂടെ പീഡനപരാതി ഉന്നയിക്കാൻ കാണിച്ച ധൈര്യം എന്തുകൊണ്ട് പോലീസിൽ പരാതിപ്പെടാൻ ഉണ്ടായില്ലെന്ന് കോടതി ചോദിച്ചു.
പീഡനപരാതി നൽകാൻ പരാതിക്കാരി ഹേമ കമ്മിറ്റിയെ സമീപിച്ചിട്ടില്ലെന്നും ജസ്റ്റീസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. എന്നാൽ, സിദ്ദിഖിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും മുൻകൂർ ജാമ്യം മാത്രമാണ് അനുവദിച്ചിരിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് സിദ്ദിഖിനെ അറസ്റ്റ് ചെയ്താൽ വിചാരണക്കോടതിയിൽ ഹാജരാക്കി അദ്ദേഹത്തെ വിട്ടയയ്ക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ജാമ്യവ്യവസ്ഥ വിചാരണക്കോടതിക്കു നിർദേശിക്കാം. അന്വേഷണവുമായി സഹകരിക്കണം.
പാസ്പോർട്ട് വിചാരണക്കോടതിക്കു കൈമാറണമെന്നും സുപ്രീംകോടതി നിർദേശിച്ചു.