റാഗിംഗിൽ മെഡിക്കൽ വിദ്യാർഥി കൊല്ലപ്പെട്ട കേസിൽ 15 പേർക്കെതിരേ കേസെടുത്തു
Tuesday, November 19, 2024 2:36 AM IST
പഠാൻ: ഗുജറാത്തിലെ പഠാൻ ജില്ലയിലുള്ള മെഡിക്കൽ കോളജിൽ പതിനെട്ടുകാരനായ ഒന്നാം വർഷ വിദ്യാർഥി അനിൽ മെതാനിയ റാഗിംഗിനിരയായി കൊല്ലപ്പെട്ട കേസിൽ സീനിയർ വിദ്യാർഥികളായ 15 പേർക്കെതിരേ കോളജ് ഡീൻ അനിൽ ഭതീജയുടെ പരാതിയിൽ പോലീസ് കേസെടുത്തു.
ശാരീരികവും മാനസികവുമായി പീഡനത്തിനിരയായ 11 പേരിൽ അനിൽ ശനിയാഴ്ച അർധരാത്രിയോടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അനിലിനൊപ്പം 10 പേർകൂടി റാഗിംഗിനിരയായതായി കോളജ് ആന്റി റാഗിംഗ് കമ്മിറ്റിയുടെ റിപ്പോർട്ടിലുണ്ട്. ഇവരുടെ മൊഴികൂടി രേഖപ്പെടുത്തിയശേഷം പോലീസ് തുടർനടപടിയെടുത്തു.
കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്.