ബിജെപി 100 കോടി വാഗ്ദാനം ചെയ്തെന്ന് കോൺഗ്രസ് എംഎൽഎ
Tuesday, November 19, 2024 2:36 AM IST
മാണ്ഡ്യ: സർക്കാരിനെ താഴയിറക്കാൻ കോൺഗ്രസ് എംഎൽഎമാർക്ക് 50 കോടി വാഗ്ദാനം ചെയ്ത് ബിജെപി ചാക്കിട്ടുപിടിത്തം നടത്തുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചതിനു പിന്നാലെ, 100 കോടി രൂപയാണ് ബിജെപി വാഗ്ദാനം ചെയ്തതെന്ന ആരോപണവുമായി ഇന്നലെ മാണ്ഡ്യയിൽനിന്നുള്ള നിയമസഭാംഗം രവികുമാർ ഗൗഡ രംഗത്തെത്തി. 50 എംഎൽഎമാരെ പിടിക്കാനാണ് ബിജെപി തീരുമാനിച്ചത്.
ഇവരിൽ കിട്ടൂർ എംഎൽഎ ബാബാസാഹെബ് ഡി. പാട്ടീൽ, ചിക്കമഗളൂരു എംഎൽഎ എച്ച്.ഡി. തമ്മയ്യ എന്നിവരുമായി ബിജെപി നേതൃത്വം ബന്ധപ്പെട്ടെന്നും എല്ലാ തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്നും രവികുമാർ പറഞ്ഞു.
എന്നാൽ,100 കോടിയുമായി തങ്ങളെ ആരും സമീപിച്ചിട്ടില്ലെന്ന് ബാബാസാഹെബും തമ്മയ്യയും പറഞ്ഞു. മഹാരാഷ്ട്ര, കർണാടക, ഗോവ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ സർക്കാരുകളെ താഴെയിറക്കാൻ ഓപ്പറേഷൻ കമല എന്ന ചാക്കിട്ടുപിടിത്തം ബിജെപി നേതൃത്വം നേരത്തേ പരീക്ഷിച്ചിട്ടുണ്ട്. അതു തുടരട്ടെ. ഇവിടെ കോടികൾക്ക് ഒരുവിലയുമില്ലെന്ന് എംഎൽഎമാർക്ക് അറിയാമെന്നായിരുന്നു ആഭ്യന്തരമന്ത്രി ജി. പരമേശ്വരയുടെ പ്രതികരണം.