ബംഗാളി നടി ഉമ ദാസ്ഗുപ്ത അന്തരിച്ചു
Tuesday, November 19, 2024 2:36 AM IST
കോല്‍ക്കത്ത: സത്യജിത് റേ സംവിധാനം ചെയ്ത ലോകത്തിലെ ക്ലാസിക് ചലച്ചിത്രങ്ങളിലൊന്നായ പഥേര്‍ പാഞ്ജലിയിലെ ദുര്‍ഗയെ അവതരിപ്പിച്ച ബംഗാളി നടി ഉമ ദാസ് ഗുപ്ത (83) അന്തരിച്ചു.
അര്‍ബുദബാധയെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ എട്ടുമണിയോടെ കൊല്‍ക്കത്തയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.
നടനും ബന്ധുവും രാഷ് ട്രീയനേതാവുമായ ചരൺജിത് ചക്രവര്‍ത്തി ആനന്ദബസാര്‍ പത്രികയിലൂടെയാണ് മരണവിവരം പുറത്തുവിട്ടത്. ഉമ ദാസ് ഗുപ്തയുടെ മകളാണ് മരണവിവരം അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഏതാനും നാളുകൾക്കു മുന്‍പ് അർബുദം സ്ഥിരീകരിച്ചശേഷം ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുത്തിരുന്നു. അടുത്തിടെ വീണ്ടും രോഗലക്ഷണങ്ങള്‍ പ്രകടമായതോടെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
ചെറു പ്രായത്തിൽ നാടകരംഗത്ത് സജീവമായ ഉമയുടെ സ്കൂളിലെ ഹെഡ്മാസ്റ്ററുടെ സുഹൃത്തായിരുന്നു സത്യജിത് റേ. ഈ ബന്ധമാണ് പഥേര്‍ പാഞ്ജലിയിലെ അപുവിന്റെ സഹോദരിയായ ദുര്‍ഗയാക്കി ഉമാദാസിനെ മാറ്റിയത്.
ബിഭൂതിഭൂഷണ്‍ ബന്ദോപാധ്യായയുടെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കി 1955 ലാണ് ചിത്രം പുറത്തിറങ്ങിയത്. പുതുവര്‍ഷത്തിലെ ആദ്യമഴ ആസ്വദിച്ചശേഷം ശക്തമായ പനിയില്‍ ദുര്‍ഗ മരിക്കുന്നതാണു ചിത്രത്തിൽ കാണിക്കുന്നത്. തുടർന്നുള്ളതെല്ലാം ചരിത്രം.