50 കന്പനി കേന്ദ്രസേനയെക്കൂടി അയയ്ക്കും
Tuesday, November 19, 2024 2:36 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: കലാപം വീണ്ടും രൂക്ഷമായ മണിപ്പുരിലേക്ക് 5,000ലേറെ സായുധ ഭടന്മാർ ഉൾപ്പെട്ട മറ്റൊരു 50 കന്പനി കേന്ദ്രസേനയെക്കൂടി ഉടൻ അയയ്ക്കും.
അക്രമങ്ങൾ തുടരുന്ന മണിപ്പുരിലെ സുരക്ഷാസാഹചര്യം വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഇന്നലെ ഡൽഹിയിൽ നടന്ന ഉന്നതതല യോഗത്തിലാണു തീരുമാനം. കഴിഞ്ഞയാഴ്ച അധികമായി മണിപ്പുരിലേക്കയച്ച 20 കന്പനി കേന്ദ്രസേനയ്ക്കു പുറമേയാണിത്.
സുരക്ഷാനടപടികൾ ഏകോപിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ കഴിഞ്ഞദിവസം ഇംഫാലിലേക്ക് അയച്ച മണിപ്പുർ കേഡറിൽനിന്നുള്ള സിആർപിഎഫ് മേധാവി അനീഷ് ദയാൽ സിംഗിന്റെ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി.
പുതുതായി 50 കന്പനി സായുധഭടന്മാരെക്കൂടി അയയ്ക്കുന്നതോടെ കരസേന, ആസാം റൈഫിൾസ്, കമാൻഡോകൾ, പോലീസ് എന്നിവർക്കുപുറമേ സിആർപിഎഫിന്റെയും ബിഎസ്എഫിന്റെയും 218 കന്പനി സായുധസേന മണിപ്പുരിലുണ്ടാകും.
സിആർപിഎഫിന്റെ 35 കന്പനികളും അതിർത്തി രക്ഷാസേനയുടെ 15 കന്പനികളുമാണു പ്രത്യേക വിമാനങ്ങളിൽ പുതുതായി ഇംഫാലിലെത്തുക. കേന്ദ്രസേനകളിലെ ഭടന്മാർ ഇന്നുതന്നെ മണിപ്പുരിലെത്തി ദൗത്യം തുടങ്ങുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
മണിപ്പുരിലെ അക്രമങ്ങൾ നേരിടുന്നതിനെക്കുറിച്ച് ആഭ്യന്തരമന്ത്രാലയം പ്രവർത്തിക്കുന്ന നോർത്ത് ബ്ലോക്കിലെ ഓഫീസിലും പിന്നീട് ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയിലും മണിക്കൂറുകൾ നീണ്ട ചർച്ചകളാണു നടന്നത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, രഹസ്യാന്വേഷണ ബ്യൂറോ (ഐബി) തലവൻ തപൻ ഡേക എന്നിവരടക്കം മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു. ഷായുടെ വീട്ടിലെ ചർച്ച നാലു മണിക്കൂറിലേറെ നീണ്ടു.
ക്രമസമാധാനപാലനം ഉറപ്പാക്കാൻ എല്ലാ സുരക്ഷാസേനകളെയും സുഗമമായി ഏകോപിപ്പിക്കാനും ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നോർത്ത് ബ്ലോക്കിൽ നടന്ന യോഗത്തിൽ മന്ത്രി ഷാ നിർദേശിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ നേരിട്ട് ഇംഫാലിലെത്തി സ്ഥിതി വിശകലനം ചെയ്യും.
കുട്ടികളും സ്ത്രീകളുമടക്കം ഇരുപതോളം പേർ ക്രൂരമായി കൊല്ലപ്പെട്ടതും മുഖ്യമന്ത്രിയുടെ ഇംഫാലിലെ സ്വകാര്യവസതിയും രണ്ടു മന്ത്രിമാരുടെയും മൂന്ന് എംഎൽഎമാരുടെയും വീടുകളും സർക്കാരിനെ അനുകൂലിച്ചിരുന്ന മെയ്തെയ് ജനക്കൂട്ടം അടിച്ചുതകർത്തതും സ്ഥിതി അതീവ ഗുരുതരമാക്കിയെന്നാണു ഉന്നതതല യോഗത്തിന്റെ വിലയിരുത്തൽ.
ഗോത്രവനിതയെ ചുട്ടുകൊന്നതടക്കം മൂന്ന് പുതിയ കേസുകൾ എൻഐഎക്ക്
മണിപ്പുരിലെ ജിരിബാം ജില്ലയിൽ മൂന്നു കുട്ടികളുടെ അമ്മയായ സ്ത്രീയെ ബലാത്സംഗം ചെയ്തു ചുട്ടുകൊന്നതും കുട്ടികളും സ്ത്രീകളുമടക്കം മെയ്തെയ്കളെ കൊന്ന് നദിയിലൊഴുക്കിയതും ഉൾപ്പെടെ ഏറ്റവും പുതിയ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട മൂന്നു കേസുകൾ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറി. എൻഐഎ രജിസ്റ്റർ ചെയ്ത മൂന്നു കേസുകളിലും അന്വേഷണം തുടങ്ങി.
ജിരിബാം ജില്ലയിൽ കുക്കി ഹമാർ ഗോത്രഗ്രാമമായ സൈറൗണിലെത്തി സ്കൂൾ അധ്യാപികയും മൂന്നു കുട്ടികളുടെ അമ്മയുമായ ഗോത്രവനിതയെ സായുധരായ മെയ്തെയ് സംഘം കൂട്ടമാനഭംഗം ചെയ്തശേഷം തീവച്ചു കൊന്നതുമായി ബന്ധപ്പെട്ട കേസുകളാണ് എൻഐഎ ഏറ്റെടുത്തതിൽ പ്രധാനം. ജിരിബാം ലോക്കൽ പോലീസിൽ കഴിഞ്ഞ എട്ടിന് ഇതേക്കുറിച്ചു രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് എൻഐഎയുടെ കേസ്.
ഗോത്രവനിതയുടെ കൂട്ടമാനഭംഗത്തിലും കൊലപാതകത്തിലും പ്രതിഷേധിച്ച് കുക്കി ഹമാർ ഗോത്ര ജനക്കൂട്ടം ജിരിബാമിലെ ബോറോബെക്ര, ജകുരധോർ കരോംഗ് എന്നീ പോലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള സിആർപിഎഫ് പോസ്റ്റിനുനേരേ നടത്തിയ ആക്രമണവും തുടർന്ന് ദുരിതാശ്വാസ ക്യാന്പിൽനിന്ന് കുട്ടികളെയും സ്ത്രീകളെയുമടക്കം തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട കേസുകളും എൻഐഎ ഏറ്റെടുത്തു. സിആർപിഎഫ് ക്യാന്പ് ആക്രമിച്ചതിന് കഴിഞ്ഞ 11ന് ബോറോബെക്ര പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
ആക്രമണം നടത്തിയ പത്ത് ഗോത്രവർഗക്കാരെ സിആർപിഎഫ് സേന വെടിവച്ചു കൊന്നതും ദുരിതാശ്വാസ ക്യാന്പിൽനിന്നു കുക്കികൾ തട്ടിക്കൊണ്ടുപോയ പത്തു മെയ്തെയ്കളിൽ എട്ടുപേരെ വധിച്ചതും വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.