പാക്കിസ്ഥാൻ പിടികൂടിയ ഏഴ് മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ്
Tuesday, November 19, 2024 2:36 AM IST
അഹമ്മദാബാദ്: ഗുജറാത്ത് തീരത്തിനു സമീപം പാക്കിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസി(പിഎംഎസ്എ) പിടികൂടിയ ഏഴ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡ് സാഹസികമായി രക്ഷപ്പെടത്തി.
ഞായറാഴ്ചയായിരുന്നു സംഭവം. നോ-ഫിഷിംഗ് സോണിനു സമീപം മറ്റൊരു ഇന്ത്യൻ ബോട്ടിൽനിന്ന് അപകടസന്ദേശം ലഭിച്ചതിനെത്തുടർന്ന് കോസ്റ്റ് ഗാർഡ് കപ്പൽ അയയ്ക്കുകയായിരുന്നു. കാല ഭൈരവ് എന്ന ബോട്ടാണ് പാക് തീരസേന പിടികൂടിയത്. കേടുപാട് സംഭവിച്ച ബോട്ട് മുങ്ങി.
മത്സ്യത്തൊഴിലാളികളുമായി പുറപ്പെട്ട പാക്കിസ്ഥാൻ മാരിടൈം ഏജൻസിയുടെ പിഎംഎസ് നുസറത്ത് എന്ന കപ്പലിനെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ പിന്തുടർന്നു. രണ്ടു മണിക്കൂറിലേറെ നീണ്ട ചേസിംഗിനൊടുവിൽ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു.
തുടർന്ന് മത്സ്യത്തൊഴിലാളികളുമായി ഇന്ത്യൻ കപ്പൽ ഗുജറാത്തിലെ ഓഖ തുറമുഖത്തെത്തി. വിഷയത്തിൽ ഗുജറാത്ത് പോലീസും കോസ്റ്റ് ഗാർഡും ഫിഷറീസ് വകുപ്പും അന്വേഷണം ആരംഭിച്ചു.