കൈലാഷ് ഗെഹ്ലോട്ട് ബിജെപിയിൽ
Tuesday, November 19, 2024 2:36 AM IST
ന്യൂഡൽഹി: ഡൽഹി മന്ത്രിസഭയിൽനിന്നും ആം ആദ്മി പാർട്ടിയിൽനിന്നും രാജിവച്ച കൈലാഷ് ഗെഹ്ലോട്ട് അഭ്യൂഹങ്ങൾ ശരിവച്ച് ബിജെപിയുമായി കൈകോർത്തു.
കേന്ദ്രമന്ത്രി മനോഹർലാൽ ഖട്ടറിന്റെയും മുതിർന്ന ബിജെപി നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു കൈലാഷിന്റെ ബിജെപിയിലേക്കുള്ള പ്രവേശനം.
ബിജെപിയിൽ ചേർന്ന തീരുമാനം ഒറ്റരാത്രികൊണ്ട് ഉണ്ടായതല്ലെന്നും ആരുടെയും സമ്മർദം കൊണ്ടല്ലെന്നും കൈലാഷ് പറഞ്ഞു.
കേന്ദ്ര അന്വേഷണ ഏജൻസികളുടെ സമ്മർദം മൂലമാണു താൻ ബിജെപിയിൽ ചേർന്നതെന്ന ആരോപണങ്ങൾ നിലനിൽക്കുന്നുണ്ടെന്നും എന്നാൽ രാഷ്ട്രീയജീവിതത്തിൽ താൻ സമ്മർദത്തിനു വഴങ്ങി ഒരു തീരുമാനവുമെടുത്തിട്ടില്ലെന്നും കൈലാഷ് വ്യക്തമാക്കി.
ജനങ്ങളോടുള്ള പ്രതിബദ്ധതയിൽ എഎപിക്ക് വീഴ്ച പറ്റിയെന്ന് ആരോപിച്ചു രാജിവച്ച കൈലാഷ് ബിജെപി പ്രവേശനത്തിനു പിന്നാലെ എഎപി രാഷ്ട്രീയ അഭിലാഷങ്ങൾക്കു പിന്നാലെ പോയെന്നും കുറ്റപ്പെടുത്തി.