മഹാരാഷ്ട്രയിലും ജാർഖണ്ഡിലും പ്രചാരണം സമാപിച്ചു
Tuesday, November 19, 2024 2:36 AM IST
മുംബൈ: മഹാരാഷ്ട്രയിലും ജാർഖണ്ഡിലും പരസ്യപ്രചാരണം സമാപിച്ചു. നാളെയാണു വോട്ടെടുപ്പ്. മഹാരാഷ്ട്രയിൽ 288 മണ്ഡലങ്ങളിൽ ഒറ്റ ഘട്ടമായാണു തെരഞ്ഞെടുപ്പ്. ജാർഖണ്ഡിൽ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ 38 മണ്ഡലങ്ങൾ വിധിയെഴുതും.
മഹാരാഷ്ട്രയിൽ ബിജെപി നേതൃത്വം നല്കുന്ന മഹായുതിയും കോൺഗ്രസ്, ശിവസേന(ഉദ്ധവ്), എൻസിപി (ശരദ് പവാർ) പാർട്ടികൾ ഉൾപ്പെട്ട മഹാ വികാസ് അഘാഡിയും ഇഞ്ചോടിഞ്ചു പോരാട്ടമാണ് അരങ്ങേറുന്നത്. ശിവസേന ഷിൻഡെ പക്ഷവും എൻസിപി അജിത് പക്ഷവും ബിജെപി മുന്നണിയുടെ ഭാഗമാണ്. മഹാ വികാസ് അഘാഡിയിൽ കോൺഗ്രസ് 101 സീറ്റിൽ മത്സരിക്കുന്നു.
ശിവസേന(ഉദ്ധവ്) 95ഉം എൻസിപി(ശരദ് പവാർ) 86ഉം സീറ്റിൽ മത്സരിക്കുന്നു. ആറു സീറ്റുകൾ ചെറു പാർട്ടികൾക്കു നല്കിയിട്ടുണ്ട്. മഹായുതിയിലെയും മഹാ വികാസ് അഘാഡിയിലെയും വിമതർ 150 മണ്ഡലങ്ങളിൽ രംഗത്തുണ്ട്.
ജാർഖണ്ഡിൽ ഒന്നാം ഘട്ടത്തിൽ 43 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്നു. ബിജെപി സഖ്യവും ജെഎംഎം-കോൺഗ്രസ് സഖ്യവും തമ്മിൽ ശക്തമായ പോരാട്ടമാണു ജാർഖണ്ഡിൽ നടക്കുന്നത്.