മണിപ്പുർ കലാപം: അമിത് ഷായും ബിരേൻസിംഗും രാജിവയ്ക്കണമെന്നു കോണ്ഗ്രസ്
Tuesday, November 19, 2024 2:36 AM IST
ന്യൂഡൽഹി: മണിപ്പുരിലെ അക്രമം തടയുന്നതിൽ പൂർണമായും പരാജയപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യമന്ത്രി എൻ. ബിരേൻ സിംഗും ഉടൻ രാജിവയ്ക്കണമെന്ന് കോണ്ഗ്രസ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരാഴ്ചയ്ക്കകം മണിപ്പുർ സന്ദർശിക്കണമെന്നും 25ന് തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിനുമുന്പായി സർവകക്ഷി യോഗം വിളിക്കണമെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശും മണിപ്പുർ കോണ്ഗ്രസ് അധ്യക്ഷൻ കെ. മേഘചന്ദ്ര സിംഗും പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
മണിപ്പുരിലെ നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും ജനങ്ങളെയും സംരക്ഷിക്കുന്നതിൽ കേന്ദ്ര ആഭ്യന്തരമന്ത്രി പരാജയപ്പെട്ടു. സമാധാനം പുനഃസ്ഥാപിക്കുന്നതിൽ വൻവീഴ്ച വരുത്തിയ മുഖ്യമന്ത്രി ബിരേൻ സിംഗിനെ സംരക്ഷിച്ചതാണ് ഷായുടെ നേട്ടം. ക്രമസമാധാന തകർച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും രാജിവയ്ക്കണം. സമാധാനം ഉറപ്പാക്കാൻ കഴിയാത്തവർക്കു ഭരിക്കാൻ അവകാശമില്ല.
കലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം മോദി വിവിധ രാജ്യങ്ങൾ സന്ദർശിച്ച് വേദവാക്യങ്ങൾ പ്രഘോഷിക്കുകയാണ്. ഒരിക്കൽപ്പോലും മണിപ്പുർ സന്ദർശിക്കാനുള്ള സമയം അദ്ദേഹത്തിനു ലഭിച്ചില്ല.
ഒന്നര വർഷത്തിനുശേഷവും മണിപ്പുരിൽ തട്ടിക്കൊണ്ടുപോകലും കൊലപാതകങ്ങളും കൊള്ളയും തീവയ്പും ആവർത്തിക്കുകയാണ്. ക്രമസമാധാനം പാടെ തകർന്നുവെന്ന് ജയ്റാമും മേഘചന്ദ്രയും മണിപ്പുരിന്റെ ചുമതലയുള്ള എഐസിസി നേതാവ് ഗിരീഷ് ചോദങ്കറും പറഞ്ഞു.
മണിപ്പുരിലെ സർവകക്ഷി പ്രതിനിധി സംഘങ്ങളുമായി എത്രയും വേഗം ചർച്ച നടത്തണമെന്ന് നേതാക്കൾ നിർദേശിച്ചു. മോദിയുടെ ഇന്ത്യയിൽ മണിപ്പുർ വിസ്മരിക്കപ്പെട്ട സംസ്ഥാനമായി മാറിയെന്ന് മേഘചന്ദ്ര സിംഗ് പറഞ്ഞു.
അഗാധമായ അസ്വസ്ഥത സൃഷ്ടിക്കുന്നു: രാഹുൽ
ന്യൂഡൽഹി: മണിപ്പുരിൽ തുടർക്കഥയായ അക്രമാസക്തമായ ഏറ്റുമുട്ടലുകളും രക്തച്ചൊരിച്ചിലും അഗാധമായ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നതാണെന്ന് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
ഒന്നര വർഷമായി സംഘർഷം തുടരുന്ന മണിപ്പുർ എത്രയും വേഗം സന്ദർശിക്കണമെന്ന് പ്രധാനമന്ത്രിയോട് ഒരിക്കൽക്കൂടി അഭ്യർഥിക്കുന്നതായും രാഹുൽ എക്സിൽ കുറിച്ചു.
അനുരഞ്ജനത്തിന് എല്ലാ ശ്രമങ്ങളും നടത്തി മണിപ്പുരിലെ സംഘർഷത്തിന് കേന്ദ്രസർക്കാർ പരിഹാരം കണ്ടെത്തുമെന്നത് ഓരോ ഇന്ത്യക്കാരന്റെയും പ്രതീക്ഷയായിരുന്നുവെന്ന് രാഹുൽ ഓർമപ്പെടുത്തി.