ശ്വാസംമുട്ടി ഡൽഹി
Tuesday, November 19, 2024 2:36 AM IST
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണത്തോത് അപകടാവസ്ഥയിലെത്തിയതോടെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഗ്രേഡഡ് റസ്പോണ്‍സ് ആക്ഷൻ പ്ലാൻ സ്റ്റേജ് 4 (ഗ്രേപ്പ് 4) ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.
“സിവിയർ പ്ലസ്’’ വിഭാഗത്തിലാണ് ഡൽഹിയിലെ വായു ഗുണനിലവാരം തുടരുന്നത്. ഇന്നലെ രാവിലെ നഗരപ്രദേശങ്ങളിൽ പലയിടത്തും എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 490 ന് മുകളിലെത്തിയിരുന്നു. ലോകാരോഗ്യ സംഘടന നിർദേശിച്ചിരിക്കുന്ന തോതിന്റെ 60 മടങ്ങാണിത്. ഈ സീസണിലെ ഏറ്റവും മോശമായ അവസ്ഥയാണിത്.
അടുത്ത ആറു ദിവസത്തേക്ക് സ്ഥിതി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നലെ രാവിലെ അനുഭവപ്പെട്ട മൂടൽമഞ്ഞ് കാരണം ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് വിമാനങ്ങൾ വഴിതിരിച്ചു വിടുകയും വൈകുകയും ചെയ്തു. ട്രെയിൻ സർവീസുകളും വൈകി.
നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ 10,12 ഒഴികെയുള്ള ക്ലാസുകളിൽ ഓണ്‍ലൈൻ ക്ലാസ് ഏർപ്പെടുത്തി.
വിദ്യാർഥികൾക്ക് ഓഫ് ലൈൻ ക്ലാസുകൾ നൽകുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളുടെയും മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവശ്യസേവനങ്ങൾക്കൊഴികെ ഡൽഹിയിലേക്കെത്തുന്ന ട്രക്കുകൾക്ക് പ്രവേശനമില്ല.
ഹൈവേകൾ, റോഡുകൾ, മേൽപ്പാലങ്ങൾ, വൈദ്യുതി ലൈനുകൾ, പൈപ്പ് ലൈനുകൾ, മറ്റ് പൊതു പദ്ധതികൾ എന്നിവയുൾപ്പെടെ എല്ലാ നിർമാണ പ്രവർത്തനങ്ങളും താത്കാലികമായി നിർത്തിവച്ചു. ഇവയ്ക്കുപുറമേ ജീവനക്കാർക്കായി വർക്ക് ഫ്രം ഹോം സാധ്യത നടപ്പാക്കാനും സർക്കാർ ശിപാർശ ചെയ്തു.
പൊടി ഇല്ലാതാക്കാൻ കൂടുതൽ യന്ത്രവത്കൃത റോഡ് സ്വീപ്പിംഗ്, വെള്ളം തളിക്കൽ യന്ത്രങ്ങൾ വിന്യസിക്കാനും തീരുമാനമായി.